---
title: "പോലീസ് നിയന്ത്രണങ്ങള്‍ വീണ്ടും പാളി; ശബരിമലയില്‍ വീണ്ടും തിരക്ക്"
english_title: "Police "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170621/police"
published_at: "2023-12-19T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581c57595487_n56684839817030033803395bee08af7e846d766a71d4b472a41f77511cf68d92fce8a763c4cb85dcc713af.jpg"
keywords: []
---

# പോലീസ് നിയന്ത്രണങ്ങള്‍ വീണ്ടും പാളി; ശബരിമലയില്‍ വീണ്ടും തിരക്ക്

> **Lead Summary:** **പത്തനംതിട്ട: **തീര്‍ഥാടക തിരക്ക് ഏറിയതിന് പിന്നാലെ ശബരിമലയില്‍ പോലീസ് നിയന്ത്രണങ്ങള്‍ വീണ്ടും പാളി. പമ്ബയില്‍ വടം കെട്ടിയാണ് തീര്‍ഥാടകരെ നിയന്ത്രിക്കുന്നത്. നിലയ്ക്കല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഉള്ള വാഹന നിയന്ത്രണവും തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മണിക്കൂറുകളോളം ഉള്ള കാത്തിരിപ്പിനെ തുടര്‍ന്ന് തീര്‍ഥാടകരുടെ ഇടയില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

## Article Content

**പത്തനംതിട്ട: **തീര്‍ഥാടക തിരക്ക് ഏറിയതിന് പിന്നാലെ ശബരിമലയില്‍ പോലീസ് നിയന്ത്രണങ്ങള്‍ വീണ്ടും പാളി. പമ്ബയില്‍ വടം കെട്ടിയാണ് തീര്‍ഥാടകരെ നിയന്ത്രിക്കുന്നത്. നിലയ്ക്കല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഉള്ള വാഹന നിയന്ത്രണവും തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മണിക്കൂറുകളോളം ഉള്ള കാത്തിരിപ്പിനെ തുടര്‍ന്ന് തീര്‍ഥാടകരുടെ ഇടയില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പതിനെട്ടാം പടികടന്ന് മണിക്കൂറില്‍ 4500 അധികം പേരാണ് ദര്‍ശനം നടത്തിയത്. പമ്ബയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ കയറ്റുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പതിനെട്ടാം പടിയില്‍ ഭക്തരെ കയറ്റുന്നതിന്‍റെ വേഗം പരമാവധി കൂട്ടി, തിരക്ക് നിയന്ത്രിക്കാനാണ് പോലീസിന്‍റെ ശ്രമം. ഒരു മിനിറ്റില്‍ 75ലധികം ഭക്തരാണ് പതിനെട്ടാം പടി കയറുന്നത്. 

ഇന്നും 80,000 ത്തില്‍ അധികം പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത്. തിങ്കളാഴ്ച ദര്‍ശനം നടത്താൻ പറ്റാതെ പോയ ആയിരക്കണക്കിന് ഭക്തര്‍ പമ്ബ മുതല്‍ സന്നിധാനം വരെയുള്ള വിവിധയിടങ്ങളില്‍ വിശ്രമിച്ചു.

സന്നിധാനത്തെ ഫ്ലൈ ഓവറിലും പോലീസ് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള വഴിയില്‍ പോടൻ പ്ലാവില്‍ പുലര്‍ച്ചെ രണ്ടിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റി പാത സഞ്ചാരയോഗ്യമാക്കി.

അതേസമയം, തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് എരുമേലിയില്‍ തീര്‍ഥാടകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. രാവിലെ മുതല്‍ ശബരിമലയ്ക്കുള്ള തീര്‍ഥാടക വാഹനങ്ങള്‍ പാര്‍ക്കിംഗ് മൈതാനങ്ങളില്‍ പോലീസ് തടഞ്ഞിരുന്നു. 

ഇതിനിടെ കേരള റജിസ്ട്രേഷനുള്ള ശബരിമല വാഹനങ്ങള്‍ പോകാൻ അനുവദിച്ചെന്നു പറഞ്ഞ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ തീര്‍ഥാടകര്‍ കേരള റജിസ്ട്രേഷൻ വാഹനങ്ങള്‍ തടയുകയായിരുന്നു.

നിലയ്ക്കലില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്താൻ നിര്‍ദേശം വന്നതിനെ തുടര്‍ന്നാണ് എരുമേലിയില്‍ തീര്‍ഥാടക വാഹനങ്ങള്‍ തടഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170621/police)