---
title: "കൊവിഡ് വ്യാപനം: കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്"
english_title: "Covid virus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170674/covid-virus"
published_at: "2023-12-20T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65826adedf996_GettyImages-1455668983-2-350x197.jpg"
keywords: []
---

# കൊവിഡ് വ്യാപനം: കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ കേരളം അറിയിക്കും. ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വിശദീകരിക്കും.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ കേരളം അറിയിക്കും. ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വിശദീകരിക്കും.

കൊവിഡ് കേസുകളിൽ വർദ്ധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ടവിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമെന്നുമാണ് കേരളം അറിയിക്കുക.

ആശുപത്രികളിൽ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിൽ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാൻ നിർദ്ദേശമുണ്ട് രോഗലക്ഷണങ്ങൾ ഉള്ളവരിൽ പരിശോധന ഉറപ്പാക്കും.

രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിർദ്ദേശം. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.

പരിശോധനകൾ കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കണക്കുകളെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. അതേസമയം, കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ നിര്‍ദേശം.

ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി.

അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങളും ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകളില്‍ വര്‍ദ്ധനവുള്ളതെന്നും ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

ആവശ്യത്തിന് ഐസൊലേഷന്‍,ഐസിയു ബെഡുകള്‍ ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശം നല്‍കി. മരണകണക്കില്‍ ആശങ്ക വേണ്ടെന്നും യോഗം വ്യക്തമാക്കി. റാന്‍ഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണങ്ങൾ ഉള്ളവരിൽ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും ഉന്നത തല യോഗം നിര്‍ദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170674/covid-virus)