---
title: "മണത്തണ പുതിയ കുളത്തിന്റെ അനുബന്ധ ഭൂമി നിയമ വിരുദ്ധമായി കയ്യേറുന്നു:  സംരക്ഷണ സമിതി"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170729/manathana"
published_at: "2023-12-20T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658293d9709d6_IMG-20231220-WA0023.jpg"
keywords: []
---

# മണത്തണ പുതിയ കുളത്തിന്റെ അനുബന്ധ ഭൂമി നിയമ വിരുദ്ധമായി കയ്യേറുന്നു:  സംരക്ഷണ സമിതി

> **Lead Summary:** **മണത്തണ**: മണത്തണ പുതിയ കുളത്തിൻ്റെ അനുബന്ധഭൂമി നിയമവിരുദ്ധമായി കയ്യേറി കൈവശപ്പെടുത്തുവാനായി മണത്തണയിലെ ചില വ്യക്തികൾ രംഗത്ത് വന്നിരിക്കുകയാണെന്ന് പുതിയകുളം സംരക്ഷണ സമിതി. **സമിതിയുടെ പ്രസ്താവന** **പ്രസക്തഭാഗം**: ഏകദേശം ഒരു നൂറ്റാണ്ടിൽ പരം കാലമായി പൊതുകുളമായി ജനങ്ങൾ ഉപയോഗിച്ചു വരുന്ന കുളമാണ് പുതിയകുളം. ശ്രീ തൃച്ചെറുമന്ന എന്ന കൊട്ടിയൂർ ദേവസ്വമാണ് ഈ കുളത്തിൻ്റെ ഉടമസ്ഥത അവകാശപ്പെട്ടിരുന്നത്.

## Article Content

**മണത്തണ**: മണത്തണ പുതിയ കുളത്തിൻ്റെ അനുബന്ധഭൂമി നിയമവിരുദ്ധമായി കയ്യേറി കൈവശപ്പെടുത്തുവാനായി മണത്തണയിലെ ചില വ്യക്തികൾ രംഗത്ത് വന്നിരിക്കുകയാണെന്ന് പുതിയകുളം സംരക്ഷണ സമിതി. **സമിതിയുടെ പ്രസ്താവന** **പ്രസക്തഭാഗം**: ഏകദേശം ഒരു നൂറ്റാണ്ടിൽ പരം കാലമായി പൊതുകുളമായി ജനങ്ങൾ ഉപയോഗിച്ചു വരുന്ന കുളമാണ് പുതിയകുളം. ശ്രീ തൃച്ചെറുമന്ന എന്ന കൊട്ടിയൂർ ദേവസ്വമാണ് ഈ കുളത്തിൻ്റെ ഉടമസ്ഥത അവകാശപ്പെട്ടിരുന്നത്.

എന്നാൽ തർക്കങ്ങൾ ഉയർന്ന് വന്ന ഘട്ടങ്ങളിൽ വ്യക്തമായ പരിശോധനകൾക്ക് മുമ്പിൽ തങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാനുള്ള രേഖകളൊന്നും ദേവസ്വത്തിന് ഹാജരാക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പേരാവൂർ ഗ്രാമപഞ്ചായത്തിലെ വലിയൊരു ജലസ്രോതസ്സ് എന്ന നിലയിൽ പുതിയ കുളത്തിൻ്റെ സ്വാഭാവികമായ ഉടമസ്ഥതാധികാരം ഗ്രാമ പഞ്ചായത്തിനാണ്. ഏകദേശം 40 സെൻ്റോളം വിസ്തൃതിയുള്ള കുളത്തിൻ്റെയും, അനുബന്ധ സ്ഥലത്തിൻ്റെയും അതിരുകൾ അംഗീകൃത രേഖകളിൽ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മണത്തണ - കൊട്ടിയൂർ മെയിൻ റോഡാണ് കുളത്തിൻ്റെ വടക്ക് ഭാഗം അതിരായി രേഖപ്പെടു  ത്തിയിട്ടുള്ളത്. അങ്ങനെയാകുമ്പോൾ ഈ അതിർത്തിക്കുള്ളിൽ എങ്ങനെയാണ് വേറൊരാൾക്ക് എൻ്റെ സ്ഥലമെന്ന അവകാശവാദമുന്നയിക്കാൻ സാധിക്കുക? 1928 ൽ നടന്ന വില്പന കൈമാറ്റത്തിൻ്റെ ഭാഗമായി പുത്തൻവീട്ടിൽ പത്മനാഭൻ നായർ കൈവശം വന്ന് ചേർന്നതും പിന്നീട് അദ്ദേഹം മക്കൾക്ക് അനന്തരാവകാശം ഉറപ്പ് വരുത്താനായി അവരുടെ പേരിൽ ഒസ്യത്ത് എഴുതിവെച്ചതുമായ രേഖകളുണ്ടെന്നതും, ഇതിനിടയിൽ പൊതുഇടമായി മാറിയ കുളവും റോഡും കൈയ്യേറുന്നതിനെ എങ്ങനെ സാധൂകരിക്കും? പതിറ്റാണ്ടുകളായി ആരും നികുതിയടക്കാത്ത ഭൂമിയാണിത്.

മണത്തണ വില്ലേജിൽ ഈ നിമിഷം വരെ ഈ സ്ഥലത്തിന് ഇതുവരെ നികുതിയടച്ചിട്ടുമില്ല. നികുതിയടച്ച് കൈവശാവകാശം ഉറപ്പിക്കാത്തിടം സ്വന്തമാണെന്നവകാശപ്പെട്ട് കടന്ന് കയറാൻ ശ്രമിക്കുന്നത് നീചമായ പ്രവൃത്തിയാണ്. ഇത് മണത്തണ ജനത അംഗീകരിച്ച് കൊടുക്കില്ല. പൊതുകുളമായ പുതിയകുളം ജീർണ്ണാവസ്ഥയിലായപ്പോൾ പുനരുദ്ധരിക്കാനും, ഇന്നത്തെ രൂപത്തിൽ നവീകരിക്കാനും സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തിയിട്ടാണ് സാധിച്ചിട്ടുള്ളത്.എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത് കൃഷ്ണൻകണിയാംപറമ്പിൽ മന്ത്രിയായിരുന്നപ്പോൾ സിപിഐ നേതാവ് രാഘവൻവൈദ്യർ പ്രത്യേകമായി ഇടപെട്ട് വാങ്ങിയെടുത്ത 5 ലക്ഷം രൂപയും പിന്നീട് കെ പി മോഹനൻ മന്ത്രിയായിരുന്നപ്പോൾ എഞ്ചിനിയർ കുരുന്നൻ അനിൽകുമാറിൻ്റെ പരിശ്രമഫലമായി യശഃരീരനായ പി പി മുകുന്ദന്റെയടക്കം ഇടപെടലിൻ്റെ ഭാഗമായി സഹസ്രസരോവർ പദ്ധതിയിൽപ്പെടുത്തി 95 ലക്ഷം രൂപയും കിട്ടിയത് ചെലവഴിച്ചു.

ഈ ഘട്ടത്തിൽ കുളത്തിൽ നിന്ന് വാരിയെടുത്ത ചെളി നിക്ഷേപിച്ച സ്ഥലമാണ് ഇപ്പോൾ കരയായി മാറിയ കയ്യേറ്റ സ്ഥലമെന്ന യാഥാർത്ഥ്യം നാട്ട്കാർക്കെല്ലാമറിയാവുന്നതാണ്. പിന്നീട് ഇവിടെ കൊട്ടിയൂർ ഉത്സവ സമയത്ത് കൊട്ടിയൂർ ദേവസ്വം ഭക്തർക്ക് വിശ്രമിക്കാനും, കുളിച്ച് വസ്ത്രം മാറാനും ഒരു താല്കാലിക ഷെൽട്ടർ പണിയുകയുണ്ടായി. പൊതു ആവശ്യമെന്നതിനാൽ അക്കാര്യം നാട്ട്കാർക്കെതിർക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇപ്പോഴെത്തെ കയ്യേറ്റക്കാർ അവരുടെ സ്ഥലമെങ്കിൽ അന്ന് എന്ത് കൊണ്ടെതിർക്കാൻ തയ്യാറായില്ല എന്ന് വ്യക്തമാക്കാൻ തയ്യാറാകേണ്ടതുണ്ട്. കൊട്ടിയൂർ ദേവസ്വം നിർമ്മിച്ച ആ താല്ക്കാലിക ഷെൽട്ടർ പൊളിച്ചുമാറ്റിയാണ് കയ്യേറ്റക്കാർ ഇപ്പോൾ പുതിയ നിർമ്മാണ പ്രവർത്തനം അവിടെ നടത്തി വരുന്നത്. ഇത് തികച്ചും നിയമവിരുദ്ധവും, പച്ചയായ കയ്യേറ്റവുമാണ്. മാത്രമല്ല നാല് വരി പാതക്ക് വേണ്ടി അക്വർസേഷൻ നടത്തി ബന്ധപ്പെട്ട അതോറിറ്റി കുറ്റിയിട്ടതിനകത്താണ് ഇവർ അനധികൃത നിർമ്മാണം നടത്തുന്നത്. ഏതെങ്കിലും നിർമ്മാണ പ്രവൃത്തി എവിടെ നടത്തണമെങ്കിലും പഞ്ചായത്തിൽ ആവശ്യമായ രേഖകൾ ഉൾപ്പടെ അപേക്ഷ സമർപ്പിച്ച് പെർമിഷൻ വാങ്ങണമെന്നിരിക്കെ അതുമില്ല. മണത്തണ പുതിയകുളവും അനുബന്ധ സ്ഥലവും സംരക്ഷിക്കേണ്ടത് നാടിൻ്റെ ആവശ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170729/manathana)