---
title: "സസ്പെൻഷനിലായ എംപിമാര്‍ കേരളത്തിന് നാണക്കേടാണെന്ന് കെ. സുരേന്ദ്രൻ"
english_title: "K surendran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170876/k-surendran"
published_at: "2023-12-20T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658300c8e5b04_n5671441421703084107608d3a3c23329ab79268140dd1dce5a214ad1d464eb3bcf102382a1c81ab815e36e.jpg"
keywords: []
---

# സസ്പെൻഷനിലായ എംപിമാര്‍ കേരളത്തിന് നാണക്കേടാണെന്ന് കെ. സുരേന്ദ്രൻ

> **Lead Summary:** **തിരുവനന്തപുരം:** പാര്‍ലമെന്‍റിന്‍റെ അന്തസിന് കോട്ടം തട്ടുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിന് സസ്പെൻഷനിലായ ഇന്ത്യ മുന്നണിയുടെ 14 എംപിമാരും കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 

## Article Content

**തിരുവനന്തപുരം:** പാര്‍ലമെന്‍റിന്‍റെ അന്തസിന് കോട്ടം തട്ടുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിന് സസ്പെൻഷനിലായ ഇന്ത്യ മുന്നണിയുടെ 14 എംപിമാരും കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 

നാടിന്‍റെ വികസനത്തിന് വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്ത് പാര്‍ലമെന്‍റിലേക്ക് അയച്ച എംപിമാര്‍ സംസ്കാരമില്ലാത്ത രീതിയിലാണ് പെരുമാറുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ തോറ്റ് തുന്നംപാടിയ കോണ്‍ഗ്രസ് അതിന്‍റെ അരിശം തീര്‍ക്കാൻ ജനാധിപത്യത്തിന്‍റെ ശ്രീകോവിലിനെ കളങ്കപ്പെടുത്തുകയാണ്.

സുപ്രധാനമായ നിയമനിര്‍മാണം നടത്താനുള്ള സഭയെ അധമമായ രാഷ്ട്രീയ താത്പര്യത്തിനുള്ള വേദിയാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം അധികാരം എങ്ങനെയെങ്കിലും കൈപിടിയിലാക്കുക എന്നത് മാത്രമാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യം.

ഉപരാഷ്ട്രപതിയെയും സ്പീക്കറെയും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ അവഹേളിച്ചത് ഗൗരവതരമാണ്. രാജ്യസഭാ തലവനായ ഉപാരാഷ്ട്രപതിയെ ജാതീയമായി അപമാനിച്ച രാഹുല്‍ഗാന്ധിയുടെയും സംഘത്തിന്‍റെയും നടപടി മാപ്പര്‍ഹിക്കാത്തതാണ്.

ഇതിനെതിരെ നാളെ എൻഡിഎ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ വെല്ലുവിളിക്കുകയാണ് സസ്പെൻഷനിലുള്ള എംപിമാര്‍ ചെയ്യുന്നത്. ഇവര്‍ക്ക് വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. 

പാര്‍ലമെന്‍റില്‍ അപമര്യാദയായി പെരുമാറിയ 14 എംപിമാരെയും തുറന്നു കാണിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170876/k-surendran)