---
title: "വണ്ടിപ്പെരിയാറിലെ കൊലപാതകം: ബാലാവകാശ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകും"
english_title: "Idukki "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170970/idukki"
published_at: "2023-12-21T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583bf24025a5_Screenshot_20231221-082935_WhatsApp.jpg"
keywords: []
---

# വണ്ടിപ്പെരിയാറിലെ കൊലപാതകം: ബാലാവകാശ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകും

> **Lead Summary:** **തിരുവനന്തപുരം**: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ബാലാവകാശ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകും. മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ് പ്രതി അർജുനെ കട്ടപ്പന കോടതി വെറുതെ വിട്ടത്.

## Article Content

**തിരുവനന്തപുരം**: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ബാലാവകാശ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകും. മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ് പ്രതി അർജുനെ കട്ടപ്പന കോടതി വെറുതെ വിട്ടത്.

തെളിവുകൾ ഹാജരാക്കുന്നതിൽ ഉൾപ്പെടെ പ്രോസിക്യൂഷന് തെറ്റ് പറ്റിയെന്ന് കോടതി വിമർശിച്ചിരുന്നു. ഈ വിമർശനങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ അറിയിച്ചു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് കേസിനെ സംബന്ധിച്ച് പറയാനുള്ളത് കൂടി അറിഞ്ഞതിന് ശേഷമായിരിക്കും സർക്കാരിന് ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുക. ” വണ്ടിപ്പെരിയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും ബാലാവകാശ കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. കോടതി ഉന്നയിച്ച വിമർശനങ്ങളിൽ കമ്മീഷന് വ്യക്തത വരേണ്ട കാര്യങ്ങൾ കൂടി അദ്ദേഹത്തിൽ നിന്ന് ചോദിച്ചറിഞ്ഞു. ഈ വിവരങ്ങൾ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.”കെ.വി.മനോജ് കുമാർ പറഞ്ഞു. അതേസമയം, പ്രതി അർജുനും കുടുംബത്തിനും സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.

വണ്ടിപ്പെരിയാർ പോലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് സംരക്ഷണ ചുമതല നൽകിയിരിക്കുന്നത്. ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അർജുന്റെ അച്ഛൻ സുന്ദറും കുടുംബാംഗങ്ങളുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170970/idukki)