---
title: "വൻകിട ഡാമിനെതിരെ പ്രതിഷേധ പ്രകടനം ഇന്ന്"
english_title: "Protest against the big dam today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170991/protest-against-the-big-dam-today"
published_at: "2023-12-21T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583cdc32653c_Screenshot_2023-12-21-11-00-14-78_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# വൻകിട ഡാമിനെതിരെ പ്രതിഷേധ പ്രകടനം ഇന്ന്

> **Lead Summary:** **പുൽപ്പള്ളി**: തലമുറകളായി കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്നു വിളയിച്ച കുടിയേറ്റ കർഷക ജനതയെ വ്യാപകമായി കുടിയൊഴിപ്പിച്ചു കൊണ്ടും,ദൃതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന പുൽപ്പള്ളി ടൗണിന്റെ ഒരു ഭാഗം മുഴുവൻ വെള്ളത്തിനടിയിലാക്കുന്ന വിധത്തിലുള്ള വൻകിട ഡാം നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പുൽപ്പള്ളി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.

## Article Content

**പുൽപ്പള്ളി**: തലമുറകളായി കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്നു വിളയിച്ച കുടിയേറ്റ കർഷക ജനതയെ വ്യാപകമായി കുടിയൊഴിപ്പിച്ചു കൊണ്ടും,ദൃതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന പുൽപ്പള്ളി ടൗണിന്റെ ഒരു ഭാഗം മുഴുവൻ വെള്ളത്തിനടിയിലാക്കുന്ന വിധത്തിലുള്ള വൻകിട ഡാം നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പുൽപ്പള്ളി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.

നിർദ്ദിഷ്ട കടമാൻതോട് പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് പുൽപ്പള്ളിയിൽ 2023 മെയ് ആറിന് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പ്രാഥമിക സർവ്വേ നടത്തിയതിന് ശേഷം വീണ്ടും സർവകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്തതിനു ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്ന് ജില്ലാ ഭരണകൂടം ഉറപ്പു നൽകിയിരുന്നു.

എന്നാൽ ഇപ്പോൾ ഭൂതല സർവ്വേയും, ലീഡാർ സർവ്വേയുമടക്കം രണ്ടോ,മൂന്നോ സർവ്വേകൾ കഴിഞ്ഞിരിക്കുകയാണ്. നാളിതുവരെയും അതിൻെറ പ്രാഥമിക റിപ്പോർട്ട് പോലും പുറത്തുവിടുകയോ,ചർച്ച ചെയ്യപ്പെടുകയോ ചെയ്യാത്തതിൽ പ്രദേശത്ത് വ്യാപകമായ ആശങ്ക നിലനിൽക്കുകയാണ്. ആയതിനാൽ എത്രയും പെട്ടെന്ന് സർവ്വേ റിപ്പോർട്ട് പുറത്തുവിട്ട് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

സർവ്വകക്ഷി യോഗം വിളിച്ച് സർവ്വേ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പുൽപ്പള്ളി ടൗണിൽ സൂചനാ പ്രതിഷേധ പ്രകടനം നടത്തുകയാണ്.വൻതോതിൽ കർഷക ജനതയെ കുടിയൊഴിപ്പിച്ചുകൊണ്ടും, ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ മുങ്ങിപ്പോകുന്ന വിധത്തിലുമുള്ള വൻകിട ഡാം പദ്ധതി പുൽപ്പള്ളിയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കുവാൻ സാധിക്കുകയില്ലെന്ന് വ്യാപാരഭവനിൽ ചേർന്ന മർച്ചന്റ്സ് അസോസിയേഷന്റെ ഭരണസമിതി യോഗം തീരുമാനിച്ചു.

പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തിൽ ജന.സെക്രട്ടറി അജിമോൻ കെ.എസ്,ട്രഷറർ കെ.ജോസഫ്,ബാബു.ഇ.ടി, ജോസ് കുന്നത്ത്, എം.കെ. ബേബി,ബാബു.സി.കെ, ബാബു രാജേഷ്,സുനിൽ ജോർജ്,ടോമി.പി.സി, അജേഷ്,പൈലി.പി.എം, വിജയൻ.പി.ആർ,ലിയോ ടോം,പ്രഭാകരൻ,സജി വർഗീസ്,ശിവദാസ്, ഷാജിമോൻ,ശ്രീകുമാർ, വികാസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170991/protest-against-the-big-dam-today)