---
title: "ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിക്ക്  മാവോവാദി  ഭീക്ഷണി എന്ന് രഹസ്യ വിവരം: ഉന്നത പോലീസ് സംഘം സുരക്ഷാ സംവിധാനം വിലയിരുത്തി"
english_title: "Barapole Mini Hydropower Project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171335/barapole-mini-hydropower-project"
published_at: "2023-12-22T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658542d62b85a_Screenshot_2023-12-22-13-23-41-68_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിക്ക്  മാവോവാദി  ഭീക്ഷണി എന്ന് രഹസ്യ വിവരം: ഉന്നത പോലീസ് സംഘം സുരക്ഷാ സംവിധാനം വിലയിരുത്തി

> **Lead Summary:** **അയ്യൻകുന്ന്**: അയ്യൻകുന്നിലെ ബാരാ പോൾ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോവാദി ഭീഷണിയുണ്ടെന്ന് പോലീസ് രഹസ്യന്വേഷണ റിപ്പോർട്ട്. ഇതിന്റെ പരിശോധനയുടെ ഭാഗമായി ഉന്നതതല പോലീസ് സംഘം പദ്ധതി പ്രദേശത്ത് പരിശോധന നടത്തി. ഡിഐജി തോംസൺ ജോസഫ്, കണ്ണൂർ റൂറൽ എസ് പി എം ഹേമലത, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വേണുഗോപാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പദ്ധതി പ്രദേശത്ത് പരിശോധന നടത്തിയത്.

## Article Content

**അയ്യൻകുന്ന്**: അയ്യൻകുന്നിലെ ബാരാ പോൾ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോവാദി ഭീഷണിയുണ്ടെന്ന് പോലീസ് രഹസ്യന്വേഷണ റിപ്പോർട്ട്. ഇതിന്റെ പരിശോധനയുടെ ഭാഗമായി ഉന്നതതല പോലീസ് സംഘം പദ്ധതി പ്രദേശത്ത് പരിശോധന നടത്തി. ഡിഐജി തോംസൺ ജോസഫ്, കണ്ണൂർ റൂറൽ എസ് പി എം ഹേമലത, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വേണുഗോപാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പദ്ധതി പ്രദേശത്ത് പരിശോധന നടത്തിയത്.

നേരത്തെ വയനാട്ടിൽ നിന്നും പിടിയിലായ മാവോവാദി സംഘങ്ങളിൽ നിന്നാണ് ബാരാപോളിന്  ഭീഷണിയുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. ഇതിനു പിന്നാലെ ഉന്നത തല പോലീസ് സംഘം മാസങ്ങൾക്ക് മുൻപ് മേഖലയിൽ രഹസ്യ സന്ദർശനം നടത്തുകയും പദ്ധതി പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസ്സിലാക്കുകയും ചെയ്തു.

ഇതിന് പിന്നാലെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സംഘം പദ്ധതി പ്രദേശത്ത് വിശദമായ പരിശോധന നടത്തി. പ്രധാന പ്രവേശന കവാടം ഉൾപ്പെടെ പദ്ധതി പ്രദേശത്ത് പ്രവേശിക്കാൻ സാധ്യതയുള്ള മേഖലകളിൽ എല്ലാം നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി 21 ഓളം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു.

പുറമേ നിന്നുള്ള സന്ദർശകരെ പൂർണമായും ഒഴിവാക്കുന്നതിന് 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. കർണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തോടും കണ്ണൂർ കൊട്ടിയൂർ വന്യജീവി സങ്കേതത്തോടും അതിരിടുന്ന പ്രദേശമാണ് ബാരാപോൾ മിനി ജല വൈദ്യുതിപദ്ധതി പ്രദേശം.

ആറളം കൊട്ടിയൂർ വനമേഖലകളിൽ കേന്ദ്രീകരിക്കുന്ന മാവോവാദികൾക്കും ചാക്കപ്പ് ഇടനാഴി എന്നറിയപ്പെടുന്ന ബർണാനി വനമേഖലയിൽ നിന്നും മാവോവാദികൾക്ക് എളുപ്പത്തിൽ കേന്ദ്രീകരിക്കാൻ കഴിയുന്ന പ്രദേശം എന്ന നിലയിലും അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണിത്.

അണക്കെട്ട് സംവിധാനങ്ങൾ ഒന്നുമില്ലാതെ ഫ്രഞ്ച് വിയർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ബാരപോളിന്റെ മൂന്ന് കിലോമീറ്ററോളം വരുന്ന കനാൽ പ്രദേശം അതീവ സുരക്ഷ വേണ്ട മേഖലയാണ്.

നേരത്തെ ഇവിടേക്ക് യഥേഷ്ടം ആർക്കും കടന്നുചെല്ലാനും പദ്ധതിയോട് ചേർന്നുള്ള പുഴയിൽ നിന്നും മീൻ പിടിക്കുന്നതിനും കുളിക്കുന്നതിനും മറ്റും കഴിയുമായിരുന്നു. ഇപ്പോൾ മേഖല പൂർണമായും സന്ദർശന നിരോധിത മേഖലയായി മാറിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171335/barapole-mini-hydropower-project)