---
title: "പൊലീസ് പിടിച്ചു മാറ്റിയവരെ മര്‍ദ്ദിച്ചു; തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതര പരിക്ക്; ഗണ്‍മാൻമാര്‍ക്കെതിരെ ജാമ്യമില്ലാ കേസ്"
english_title: "Case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171730/case"
published_at: "2023-12-23T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586fcb549dae_n5680486421703345207458292c15bdfd84b5355d6876a6fa30027712b7b01ed18d285fe6983ecb359410b1.jpg"
keywords: []
---

# പൊലീസ് പിടിച്ചു മാറ്റിയവരെ മര്‍ദ്ദിച്ചു; തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതര പരിക്ക്; ഗണ്‍മാൻമാര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

> **Lead Summary:** **ആലപ്പുഴ:** നവ കേരള യാത്രക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ടു തല്ലിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാര്‍ക്കെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. വിഷയത്തില്‍ കോടതി ഇടപെട്ട് കേസെടുക്കാൻ ഉത്തരവിട്ടിരിന്നു. പിന്നാലെയാണ് പൊലീസ് കേസെടുത്തത്. 

## Article Content

**ആലപ്പുഴ:** നവ കേരള യാത്രക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ടു തല്ലിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാര്‍ക്കെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. വിഷയത്തില്‍ കോടതി ഇടപെട്ട് കേസെടുക്കാൻ ഉത്തരവിട്ടിരിന്നു. പിന്നാലെയാണ് പൊലീസ് കേസെടുത്തത്. 

ഗണ്‍മാൻ തിരുവനന്തപുരം കല്ലൂര്‍ കാര്‍ത്തികയില്‍ അനില്‍ കുമാര്‍, എസ്കോര്‍ട്ട് ഉദ്യോഗസ്ഥൻ പൊറ്റക്കുഴി എസ് സന്ദീപ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. 

മുഖ്യമന്ത്രിയുടെ അകമ്ബടി വാഹനത്തില്‍ നിന്നു ഇറങ്ങി വന്നു പ്രതിഷേധക്കാരെ അസഭ്യം പറഞ്ഞു, ലാത്തി കൊണ്ടു അടിച്ചു. പൊലീസ് പിടിച്ചു മാറ്റിയ പ്രവര്‍ത്തരെയാണ് ഇരുവരും മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റെന്നും എഫ്‌ഐആറില്‍ പറയുന്നു. 

നേരത്തെ സംഭവത്തില്‍ കേസെടുക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ആലപ്പുഴ സൗത്ത് പൊലീസിനാണ് നിര്‍ദ്ദേശം നല്‍കിയത്.

മര്‍ദ്ദനമേറ്റ കെഎസ്‍യു ജില്ലാ അധ്യക്ഷൻ എഡി തോമസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. പൊലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കെ ഗണ്‍മാൻമാര്‍ മര്‍ദ്ദിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. 

എഡി തോമസിനു പുറമെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവല്‍ കുര്യാക്കോസിനാണ് മര്‍ദ്ദമേറ്റത്. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാരായ അനില്‍, സന്ദീപ് എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നു കാണിച്ചാണ് ഇരുവരും കോടതിയെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171730/case)