---
title: "സൈന്യം കസ്റ്റഡിയിലെടുത്ത യുവാക്കള്‍ മരിച്ച സംഭവം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു"
english_title: "Investigation "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172150/investigation"
published_at: "2023-12-25T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658982478a182_n5684967101703510475139ca4fc685f3d1aa08b1be56bad0113744f179ca3726cc6232e2e4c6ff6c6866d1.jpg"
keywords: []
---

# സൈന്യം കസ്റ്റഡിയിലെടുത്ത യുവാക്കള്‍ മരിച്ച സംഭവം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

> **Lead Summary:** **ശ്രീനഗര്‍: **ജമ്മുകാഷ്മീരിലെ പൂഞ്ചില്‍ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ബ്രിഗേഡ് കമാന്‍ഡറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് കരസേന ഉത്തരവിട്ടത്. 

## Article Content

**ശ്രീനഗര്‍: **ജമ്മുകാഷ്മീരിലെ പൂഞ്ചില്‍ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ബ്രിഗേഡ് കമാന്‍ഡറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് കരസേന ഉത്തരവിട്ടത്. 

സംഭവത്തില്‍ സൈന്യം ആഭ്യന്തര അന്വേഷണം നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന് പുറമെയാണ് ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചത്. 

കഴിഞ്ഞ ദിവസം പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ നാലു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനുപിന്നാലെ ഡിസംബര്‍ 22ന് സുരൻകോട്ടില്‍നിന്നും കരസേന കസ്റ്റഡിയിലെടുത്ത നാട്ടുകാരില്‍ മൂന്ന് യുവാക്കളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തോപ പീര്‍ ഗ്രാമവാസികളായ സഫീര്‍ ഹുസൈന്‍, മുഹമ്മദ് ഷൗക്കത്ത്, ഷാബിര്‍ അഹമ്മദ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹത്തില്‍ ക്രൂരമര്‍ദനത്തിന്‍റെ മുറിവുകളുണ്ടായിരുന്നെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സൈന്യം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത അഞ്ചുപേര്‍ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. യുവാക്കളുടെ മരണത്തില്‍ ജമ്മുകാഷ്മീര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ സൈന്യം പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

യുവാക്കളുടെ മരണത്തെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത് തടയുക ലക്ഷ്യമിട്ട് മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172150/investigation)