---
title: "രാജ്യത്ത് ഒമൈക്രൈണ്‍ ബാധിച്ചവരുടെ എണ്ണം 213 ആയി."
english_title: "Omicron cases increased to 213"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17254/omicron-cases-increased-to-213"
published_at: "2021-12-22T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c28f8f3a179_images - 2021-12-22T080758.176.jpeg"
keywords: []
---

# രാജ്യത്ത് ഒമൈക്രൈണ്‍ ബാധിച്ചവരുടെ എണ്ണം 213 ആയി.

> **Lead Summary:** മുംബൈ: മഹാരാഷ്ട്രയില്‍ പതിനൊന്ന് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 65 ആയി.രാജ്യത്ത് ഒമൈക്രൈണ്‍ ബാധിച്ചവരുടെ എണ്ണം 213 ആയി.

## Article Content

മുംബൈ: മഹാരാഷ്ട്രയില്‍ പതിനൊന്ന് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 65 ആയി.രാജ്യത്ത് ഒമൈക്രൈണ്‍ ബാധിച്ചവരുടെ എണ്ണം 213 ആയി.

രോഗം സ്ഥിരീകരിച്ച 11 പേരില്‍ എട്ടുപേര്‍ മുംബൈ സ്വദേശികളാണ്. നവി മുംബൈ, ഒസ്മാനബാദ്, പിംപ്രി ചിഞ്ച്‌വാദ് എന്നിവിടങ്ങളിലുള്ളവരാണ് മറ്റുളള രോഗികള്‍.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ രോഗികള്‍. ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 54 ആയി. തെലങ്കാന 20, കര്‍ണാടക 19, രാജസ്ഥാന്‍ 18, കേരള 15, ഗുജറാത്ത് 14 എന്നിങ്ങനെയാണ് കണക്കുകള്‍.

കൊറോണ വൈറസ് വകഭേദമായ ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദമായ ഒമൈക്രോണ്‍ എന്നു കേന്ദ്രസര്‍ക്കാര്‍. ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമൈക്രോണ്‍ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കത്തില്‍ അറിയിച്ചിട്ടുണ്ട്.

പ്രാദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയാറെടുപ്പുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. ഡേറ്റ വിശകലനത്തിനുള്ള ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സംസ്ഥാനങ്ങളില്‍ വാര്‍ റൂമുകള്‍ സജ്ജമാക്കണം. കോവിഡ് പരിശോധന വര്‍ധിപ്പിക്കണം. രോഗവ്യാപനം തടയാന്‍ ആവശ്യമെങ്കില്‍ രാത്രി കര്‍ഫ്യൂ, ആള്‍ക്കൂട്ടനിയന്ത്രണം തുടങ്ങിയ നടപടികള്‍ സ്വീകരിക്കാമെന്നും കത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 10 ശതമാനമോ അതില്‍ കൂടുതലോ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അല്ലെങ്കില്‍ ഐസിയു കിടക്കകളില്‍ 40 ശതമാനത്തില്‍ അധികം രോഗികള്‍ ഉള്ള സ്ഥലങ്ങളിലും കര്‍ശനനിയന്ത്രണം വേണം. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സമ്ബര്‍ക്കപ്പട്ടിക തയാറാക്കണമെന്നും കത്തില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17254/omicron-cases-increased-to-213)