---
title: "നടപടികളില്‍ താമസമുണ്ടാകില്ല, കെഎസ്‌ആര്‍ടിസിയെ കരകയറ്റാൻ ശ്രമിക്കും: ഗണേഷ്കുമാര്‍"
english_title: "Ksrtc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173234/ksrtc"
published_at: "2023-12-29T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658eccdec74a8_n5696836701703857284008f494662d1c487e9340ad07bcd4fc143ec64e125b36ff24cc123c591c6bd683ac.jpg"
keywords: []
---

# നടപടികളില്‍ താമസമുണ്ടാകില്ല, കെഎസ്‌ആര്‍ടിസിയെ കരകയറ്റാൻ ശ്രമിക്കും: ഗണേഷ്കുമാര്‍

> **Lead Summary:** **തിരുവനന്തപുരം:** സത്യപ്രതിജ്ഞയ്ക്കുശേഷം മാധ്യമങ്ങളോട് ആദ്യ പ്രതികരണവുമായി പുതിയ മന്ത്രിമാര്‍. സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്ക്കരിച്ച പ്രതിപക്ഷത്തെ മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. കെഎസ്‌ആര്‍ടിസിയെ അപകടാവസ്ഥയില്‍നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം:** സത്യപ്രതിജ്ഞയ്ക്കുശേഷം മാധ്യമങ്ങളോട് ആദ്യ പ്രതികരണവുമായി പുതിയ മന്ത്രിമാര്‍. സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്ക്കരിച്ച പ്രതിപക്ഷത്തെ മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. കെഎസ്‌ആര്‍ടിസിയെ അപകടാവസ്ഥയില്‍നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നല്‍കുന്ന ഏതു വകുപ്പും നല്ലരീതിയില്‍ കൈകാര്യം ചെയ്യുമെന്നും വകുപ്പ് ഏതാണെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നുമായിരുന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. 

കെഎസ്‌ആര്‍ടിസിയെ ലാഭത്തിലാക്കിയില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. തൊഴിലാളികളും യൂണിയനുകളും ഇതുമായി സഹകരിക്കും എന്നാണ് പ്രതീക്ഷ.

ഓട്ടോമൊബൈല്‍ കാര്യങ്ങള്‍ ഇഷ്ടമുള്ള വ്യക്തിയായതിനാല്‍ പരിഷ്കരണങ്ങള്‍ വേഗത്തിലാക്കാൻ ശ്രമിക്കും. ഒന്നും വച്ച്‌ താമസിപ്പിക്കില്ല. ഇനിയുള്ള രണ്ടരവര്‍ഷം നല്ല കാര്യങ്ങള്‍ ചെയ്ത് സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കാൻ ശ്രമിക്കും. എല്ലാം പഠിക്കാൻ ഒരാഴ്ച സമയം വേണം. കമ്ബ്യൂട്ടറൈസേഷൻ നടപ്പാക്കുമെന്നും ഗണേഷ്കുമാര്‍ പ്രതികരിച്ചു.

തന്നെ ബഹിഷ്കരിക്കുന്ന പ്രതിപക്ഷത്തിന്‍റെ നയം എന്തിനാണെന്ന് മനസിലാവുന്നില്ല. അവരെയാണ് ബഹിഷ്കരിക്കേണ്ടത്. കോണ്‍ഗ്രസുകാര്‍ കള്ളസാക്ഷി പറഞ്ഞ കേസാണ് കോടതിയിലുള്ളത്. എല്ലാം കാലം തെളിയിക്കും. നവകേരള സദസിനെതിരേ ഉള്‍പ്പെടെ പ്രതിപക്ഷം പ്രതിഷേധിച്ചത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173234/ksrtc)