---
title: "യുവ കപ്പ്-ജില്ലാ സ്കൂൾസ് ലീഗ് 2024 ജനുവരി രണ്ട് മുതൽ കൽപ്പറ്റയിൽ"
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173590/kalpetta"
published_at: "2023-12-31T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6591077c6eceb_IMG-20231231-WA0019.jpg"
keywords: []
---

# യുവ കപ്പ്-ജില്ലാ സ്കൂൾസ് ലീഗ് 2024 ജനുവരി രണ്ട് മുതൽ കൽപ്പറ്റയിൽ

> **Lead Summary:** **കൽപ്പറ്റ** :വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് ജില്ലയിലെ സ്കൂൾടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് *വയനാട് ജില്ലാ സ്കൂൾ ലീഗ് -യുവ കപ്പ്* സംഘടിപ്പിക്കുന്നു.

## Article Content

**കൽപ്പറ്റ** :വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് ജില്ലയിലെ സ്കൂൾടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് *വയനാട് ജില്ലാ സ്കൂൾ ലീഗ് -യുവ കപ്പ്* സംഘടിപ്പിക്കുന്നു.

പ്രസ്തുത ടൂർണമെന്റിന്റെ സബ് ജില്ലാ മത്സരങ്ങളിൽനിന്നും യോഗ്യത നേടിയ ആറ് ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന യുവ കപ്പ്‌ 2024 ജനുവരി രണ്ട് മുതൽ കൽപ്പറ്റ എം. കെ ജിനചന്ദ്രൻ മെമ്മോറിയാൽ ജില്ലാ സ്റ്റേഡിയത്തിൽ ആരംഭിക്കും. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും, മുൻ ഇന്ത്യൻ ഫുട്ബോൾക്യാപ്റ്റനുമായിരുന്ന യു. ഷറഫലി,മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ എം വിജയൻഎന്നിവർ യുവ കപ്പ്‌ ഉദ്ഘാടനപരിപാടിയിൽ മുഖ്യാഥിതികളായി പങ്കെടുക്കും.

വയനാട് ജില്ലയിലെ ഏക പ്രൊഫഷണൽ ഫുട്ബാൾ ക്ലബ് ആയ വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും രക്ഷിതാക്കളുടെയും കുട്ടികളുടെയും സജീവപങ്കാളിത്ത മുണ്ടാക്കി ജില്ലയിലെ ഫുട്ബാൾ മേഖലയുടെ വികസനം ലക്ഷ്യംവച്ചുകൊണ്ടും ലഹരി വിപത്തിനെതിരെ സാംസ്ക്കാരിക പ്രതിരോധമുയർത്തുക എന്ന ലക്ഷ്യത്തോടുകൂടിയും ഗ്രാസ് റൂട്ട് മുതൽ കുട്ടികൾക്കായുള്ള പുതിയൊരു ശ്രമകരമായ ദൗത്യത്തിലേക്ക് കടക്കുകയാണ്.

അതിന്റെ ആദ്യപടിയായി ഫുട്ബാൾ എന്ന ലഹരിയിലേക്ക് കുട്ടികളുടെ ചിന്തകളെ വഴിതിരിച്ചുവിടാനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് യുവ കപ്പ്‌ . മൂന്ന് സബ് ജില്ലകളിൽനിന്നും യുവ കപ്പിൽ രജിസ്റ്റർ ചെയ്ത ടീമുകളിൽ സബ് ജില്ലാ അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ നിന്നും വെള്ളമുണ്ട മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ, സർവോദയ ഹയർ സെക്കണ്ടറി സ്കൂൾ ഏചോം, ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പടിഞ്ഞാറത്തറ, വയനാട്ഓർഫനെജ്ഹയർ സെക്കണ്ടറി സ്കൂൾ പിണങ്ങോട്, ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടി,വയനാട് ഓർഫനെജ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുട്ടിൽ എന്നിവയാണ് യുവ കപ്പിന് യോഗ്യത നേടിയ ടീമുകൾ. ഓരോ ടീമുകൾക്കും യുവ കപ്പിൽ പത്ത് മാച്ചുകൾ വീതം നൽകി കൂടുതൽ പോയിന്റ് ലഭിക്കുന്ന നാല് ടീമുകൾ രണ്ട് ലെഗ് വീതം സെമി ഫൈനൽ കളിച്ച് അതിൽ വിജയിക്കുന്ന ടീമുകൾ ഫൈനലിൽ മത്സരിക്കും. വിജയികളെ കാത്തിരിക്കുന്നത് യുവ കപ്പും,അഞ്ചു ലക്ഷം രൂപയിലധികം വിലമതിക്കുന്ന ക്യാഷ് പ്രൈസും, മറ്റു അവാർഡുകളുമാണ്..ലീഗ് ചാമ്പ്യന്മാർക്ക് ഷീൽഡും സമ്മാനിക്കും.

യുവകപ്പ്‌ ൽ മത്സരിക്കുന്ന ടീമുകളിൽ നിന്നും 6 കുട്ടികളെ സ്കൗട്ടിങ് വഴി തെരെഞ്ഞെടുക്കുന്ന ഓരോ കുട്ടിക്കും രണ്ട് ലക്ഷം രൂപ സ്ക്കോളർഷിപ്പ് നൽകുന്നതാണ്. വയനാട്ഓർഫനെജ് ഹയർ സെക്കണ്ടറി സ്കൂൾ പിണങ്ങോടും, ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയും തമ്മിലാണ് ഉദ്ഘാടനമത്സരം. വാർത്താ സമ്മേളനത്തിൽ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്‌ എം. മധു, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ കെ. റഫീഖ്, വയനാട് യുണൈറ്റഡ് എഫ് സി ചെയർമാൻ ഷമീംബക്കർ സി കെ, ക്ലബ്‌ സി. ഇ. ഒ സജീർ. എസ്, സ്പോർട്സ് കൌൺസിൽ വൈസ് പ്രസിഡന്റ്‌ സലീം കടവൻ,ജില്ലാ ഫുട്ബോൾ അസോസിയേഷൻ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സജീവ്. കെ ആർ.എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173590/kalpetta)