---
title: "ഒന്നര വയസുകാരന്റെ കൈ തല്ലിയൊടിച്ചു: അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/173887/arrested"
published_at: "2024-01-01T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592c4a097426_n5704406621704117320164fd374de63860f18878852399c7e2b289f6d42784135b731d9ff898e45434c02b.jpg"
keywords: []
---

# ഒന്നര വയസുകാരന്റെ കൈ തല്ലിയൊടിച്ചു: അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍

> **Lead Summary:** **ആലപ്പുഴ:** ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. കുത്തിയതോട് സ്വദേശിയായ അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ അര്‍ത്തുങ്കലില്‍നിന്ന് ഇന്നു രാവിലെയാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ താമസിച്ച സ്ഥലത്ത് ദീപയെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് കുത്തിയതോട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് വില്‍പ്പന , അടിപിടി അടക്കമുള്ള കേസുകളില്‍ പ്രതിയാണ് കൃഷ്ണകുമാര്‍. 

## Article Content

**ആലപ്പുഴ:** ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. കുത്തിയതോട് സ്വദേശിയായ അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ അര്‍ത്തുങ്കലില്‍നിന്ന് ഇന്നു രാവിലെയാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ താമസിച്ച സ്ഥലത്ത് ദീപയെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് കുത്തിയതോട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് വില്‍പ്പന , അടിപിടി അടക്കമുള്ള കേസുകളില്‍ പ്രതിയാണ് കൃഷ്ണകുമാര്‍. 

കുത്തിയതോട് സ്വദേശി ബിജുവിന്റെയും ദീപയുടെയും മകനായ ഒന്നരവയസ്സുകാരനാണ് ക്രൂര മര്‍ദനമേറ്റത്. ഇടതു കൈക്കുഴയ്ക്കു പൊട്ടലേറ്റ കുട്ടി ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുതുകിലും കഴുത്തിലും കൈകളിലും വടി ഉപയോഗിച്ച്‌ അടിച്ചതിന്റെയും കാല്‍പാദത്തില്‍ പൊള്ളലേറ്റതിന്റെയും പാടുകളുമുണ്ട്.

ബിജുവും ദീപയും തമ്മില്‍ 2 മാസമായി അകന്നു കഴിയുകയാണ്. കുട്ടിയുമായി ദീപ കൃഷ്ണകുമാറിനൊപ്പമായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ ദീപയും കൃഷ്ണകുമാറും കുത്തിയതോട്ടെ ബിജു താമസിക്കുന്ന വീട്ടില്‍ എത്തിച്ചു. ഈ സമയം ബിജു ആലപ്പുഴയിലെ ജോലി സ്ഥലത്തായിരുന്നു. ബിജു എത്തിയിട്ട് കുട്ടിയെ കൊണ്ടുവന്നാല്‍ മതിയെന്നു ബിജുവിന്റെ അമ്മ പറഞ്ഞു. എന്നാല്‍ കുട്ടിയെ വീടിനു മുന്നില്‍ ഇരുത്തി ഇരുവരും പോവുകയായിരുന്നു. ജോലി കഴിഞ്ഞെത്തിയ ബിജു ആണ് കുട്ടിയുടെ ദേഹത്തെ പരുക്കുകള്‍ കാണുന്നത്. തുടര്‍ന്ന് കുട്ടിയെ തുറവൂര്‍ ഗവ. ആശുപത്രിയിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/173887/arrested)