---
title: "ട്രക്ക് പണിമുടക്ക്: വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന വിതരണം താറുമാറാകുന്നു"
english_title: "Truck States "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174183/truck-states"
published_at: "2024-01-02T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659433fa64a86_IMG-20240102-WA0009.jpg"
keywords: []
---

# ട്രക്ക് പണിമുടക്ക്: വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന വിതരണം താറുമാറാകുന്നു

> **Lead Summary:** **ന്യൂഡൽഹി: **രാജ്യവ്യാപക ട്രക്ക് പണിമുടക്ക് ചൊവ്വാഴ്ച രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ, പല സംസ്ഥാനങ്ങളിലും ഇന്ധന വിതരണം താറുമാറായി. മഹാരാഷ്ട്രയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പോലീസിനോട് അഭ്യർത്ഥിച്ചു. അതേസമയം, പണിമുടക്ക് കാരണം മധ്യപ്രദേശിൽ പലയിടത്തും യാത്രാവാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. 

## Article Content

**ന്യൂഡൽഹി: **രാജ്യവ്യാപക ട്രക്ക് പണിമുടക്ക് ചൊവ്വാഴ്ച രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ, പല സംസ്ഥാനങ്ങളിലും ഇന്ധന വിതരണം താറുമാറായി. മഹാരാഷ്ട്രയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പോലീസിനോട് അഭ്യർത്ഥിച്ചു. അതേസമയം, പണിമുടക്ക് കാരണം മധ്യപ്രദേശിൽ പലയിടത്തും യാത്രാവാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. 

 നിയമ നിർമ്മാണത്തിലൂടെ പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായ് സൻഹിത (ബിഎൻഎസ്) പ്രകാരമുള്ള കർശനമായ ജയിൽ, പിഴ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ട്രക്ക്, ബസ്, ടാങ്കർ ഡ്രൈവർമാർ മൂന്ന് ദിവസത്തെ പണിമുടക്ക് ആരംഭിച്ചത്.

ഇന്ധന - ടാങ്കർ ഡ്രൈവർമാരുടെ പണിമുടക്ക് കാരണം ചണ്ഡിഗഡിൽ പെട്രോൾ, ഡീസൽ വിതരണം പരിമിതമായതിനാൽ ജില്ലാ മജിസ്ട്രേറ്റ് പ്രാദേശിക സ്റ്റേഷനുകളിൽ ഇന്ധന വിൽപ്പനയ്ക്ക് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇരുചക്രവാഹനങ്ങൾക്ക് രണ്ട് ലിറ്ററും നാല് ചക്ര വാഹനങ്ങൾക്ക് അഞ്ച് ലിറ്ററും മാത്രമേ ഇന്ധനം ലഭിക്കുന്നുള്ളൂ.

തിങ്കളാഴ്ച മുതൽ ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർ റോഡുകളും ഹൈവേകളും ഉപരോധിച്ചു. പ്രക്ഷോഭം കാരണം ഇന്ധന വിതരണം തടസ്സപ്പെടുമെന്ന് ആശങ്കാകുലരായ നാട്ടുകാർ വിവിധ നഗരങ്ങളിലെ പെട്രോൾ പമ്പുകളിലെത്തി കാത്തുകിടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174183/truck-states)