---
title: "അയ്യൻകുന്നിലെ പാലത്തിൻകടവിൽ കടുവയെ കണ്ടതായി നാട്ടുകാർ:  ജാഗ്രത പാലിക്കാൻ നിർദേശം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174365/iritty"
published_at: "2024-01-03T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65955cd1cfd3d_IMG-20240103-WA0031.jpg"
keywords: []
---

# അയ്യൻകുന്നിലെ പാലത്തിൻകടവിൽ കടുവയെ കണ്ടതായി നാട്ടുകാർ:  ജാഗ്രത പാലിക്കാൻ നിർദേശം

> **Lead Summary:** **ഇരിട്ടി** : അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവ് വാർഡിൽ രണ്ടുപേർ കടുവയെ കണ്ടതിനെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ വനം വകുപ്പിന്റെ നിർദേശം. കഴിഞ്ഞ ദിവസം രാത്രിയിലും പിറ്റേന്ന് വെളുപ്പിനും രണ്ടുപേരാണ് കടുവയെ നേരിട്ട് കണ്ടതായി പറയുന്നത്. ബ്രമ്മഗിരി വന്യജീവി സങ്കേതത്തോടു ചേർന്നുകിടക്കുന്ന മേഖല ആയതുകൊണ്ട് തന്നെ കടുവയുടെ സാന്നിധ്യം തള്ളിക്കളയാൻ കഴിയാത്ത സഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ കൊട്ടിയൂർ റേഞ്ചർ സുധീർ നാരോത്ത് ആവശ്യപ്പെട്ടു.

## Article Content

**ഇരിട്ടി** : അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവ് വാർഡിൽ രണ്ടുപേർ കടുവയെ കണ്ടതിനെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ വനം വകുപ്പിന്റെ നിർദേശം. കഴിഞ്ഞ ദിവസം രാത്രിയിലും പിറ്റേന്ന് വെളുപ്പിനും രണ്ടുപേരാണ് കടുവയെ നേരിട്ട് കണ്ടതായി പറയുന്നത്. ബ്രമ്മഗിരി വന്യജീവി സങ്കേതത്തോടു ചേർന്നുകിടക്കുന്ന മേഖല ആയതുകൊണ്ട് തന്നെ കടുവയുടെ സാന്നിധ്യം തള്ളിക്കളയാൻ കഴിയാത്ത സഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ കൊട്ടിയൂർ റേഞ്ചർ സുധീർ നാരോത്ത് ആവശ്യപ്പെട്ടു.

കടുവ ഇറങ്ങിയ സാഹചര്യത്തിൽ ഞങ്ങളുടെ ആശങ്കകൾ വാർഡ് മെമ്പർ ബിജോയ് പ്ലാത്തോട്ടം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത് ഉൾപ്പെടെ 15  ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജങ്ങളുമായി സംസാരിച്ചു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പ്രദേശവാസികൾ സംബന്ധിച്ച യോഗത്തിൽ നാട്ടുകാരുടെ നിരവധിയായ സംശയങ്ങൾക്കും പ്രതിഷേധങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു.

കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് പറയുന്ന സ്ഥലങ്ങളിൽ രാത്രി പെട്രോളിംഗ് ഏർപ്പെടുത്തുമെന്നും വീണ്ടും കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ഉടൻതന്നെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാമെന്നും റേഞ്ചർ അറിയിച്ചു. വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലങ്ങളിൽ സോളാർ ലൈറ്റുകളും ഫെൻസിങ്ങുകളും സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ജനങ്ങൾക്ക് ഉറപ്പ് നൽകി.

രാത്രി യാത്രകൾ ഒഴിവാക്കാനും നേരം വെളുത്തതിന് ശേഷം മാത്രമേ റബർ ടാപ്പിംഗ് പോലുള്ള ജോലികൾ നടത്താൻ പാടുള്ളൂ എന്നും റേഞ്ചർ നിർദ്ദേശിച്ചു. വന്യ മൃഗങ്ങളുടെ ആക്രമണം ഭയന്ന് താമസക്കാർ പലരും വീടും സ്ഥലവും ഉപേക്ഷിച്ച് താഴ് വാരത്തേക്ക് ഇറങ്ങിയതോടെ മൃഗങ്ങളും വനം വിട്ട് കൃഷിഭൂമിയിലേക്ക് ഇറങ്ങിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174365/iritty)