---
title: "തൃശൂരില്‍ ജനസാഗരം; സംസ്ഥാന സര്‍ക്കാരിനും ഇന്ത്യാ മുന്നണിക്കും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി"
english_title: "Prime minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174372/prime-minister"
published_at: "2024-01-03T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65956376d04fb_n57102772017042890089244ffa15e37b22f757f35c0f8b6a4b6d872916d52329022692559f5b77a2271208.jpg"
keywords: []
---

# തൃശൂരില്‍ ജനസാഗരം; സംസ്ഥാന സര്‍ക്കാരിനും ഇന്ത്യാ മുന്നണിക്കും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

> **Lead Summary:** **തൃശൂര്‍:** തേക്കിൻകാട് മൈതാനത്ത് മഹിളാ സംഗമത്തില്‍ ജനസാഗരത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തില്‍ ആരംഭിച്ച പ്രസംഗത്തില്‍ അദ്ദേഹം വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച കേരളത്തിലെ പ്രധാനപ്പെട്ട വനിതകളുടെ പേര് എടുത്തുപറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെയും ഇന്ത്യാ മുന്നണിയെയും വേദിയില്‍ കടന്നാക്രമിച്ചു. ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ക്രെെസ്തവ വെെദികര്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. 

## Article Content

**തൃശൂര്‍:** തേക്കിൻകാട് മൈതാനത്ത് മഹിളാ സംഗമത്തില്‍ ജനസാഗരത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തില്‍ ആരംഭിച്ച പ്രസംഗത്തില്‍ അദ്ദേഹം വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച കേരളത്തിലെ പ്രധാനപ്പെട്ട വനിതകളുടെ പേര് എടുത്തുപറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെയും ഇന്ത്യാ മുന്നണിയെയും വേദിയില്‍ കടന്നാക്രമിച്ചു. ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ക്രെെസ്തവ വെെദികര്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. 

അഭിമാനകരമായ ഒരുപാട് പുത്രിമാര്‍ക്ക് ജന്മം നല്‍കിയ നാടാണ് കേരളം. സ്ത്രീകളുടെ ശക്തിയാണ് നാടിനെ വികസിതമാക്കുന്നത്. സ്ത്രീ സംവരണ ബില്ല് ബിജെപി നടപ്പിലാക്കി. മുത്തലാക്കില്‍ ബുദ്ധിമുട്ടിയ സ്ത്രീകളെ സര്‍ക്കര്‍ മോചിപ്പിച്ചുവെന്നും മോദി പറഞ്ഞു. 

ദരിദ്രര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നീ നാല് വിഭാഗങ്ങള്‍ക്ക് സഹായങ്ങളെത്തിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. മറ്റ് സര്‍ക്കാരുകളുടെ കാലത്ത് ഇതൊന്നും പരിഗണിച്ചിരുന്നില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാര്‍ വനിതകള്‍ക്കായി നടപ്പാക്കിയ ഓരോ പദ്ധതികളും അദ്ദേഹം എടുത്തുപറഞ്ഞു.

12 കോടി കുടുംബങ്ങള്‍ക്ക് ശൗചാലയം ഗ്യാരണ്ടിയാണ്, സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം, പാര്‍ലമെന്‍റില്‍ വനിതകള്‍ക്ക് സംവരണം, പത്ത് കോടി ഉജ്വലാ ഗ്യാസ് കണക്ഷനുകളും മോദിയുടെ ഗ്യാരണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യാ മുന്നണിക്ക് വികസനം നടപ്പാക്കാനാവില്ല. കേരളത്തില്‍ ഇടതും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. കേരളത്തില്‍ ശരിയായ വികസനത്തിന് ബിജെപി വരണം. ഏത് ഓഫീസ് വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തില്‍ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തടസം നില്‍ക്കുകയാണ്. അഴിമതിയും സ്വജനപക്ഷപാതവുമാണ് കേരളത്തിലെ സര്‍ക്കാരിന് കൈമുതലായുള്ളതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. 

തൃശൂര്‍ പൂരത്തിനെക്കുറിച്ചും പ്രസംഗത്തില്‍ പരാമര്‍ശമുണ്ടായി. ആചാരങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് ശരിയല്ല. പൂരത്തിന്‍റെ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. അയ്യപ്പഭക്തര്‍ ശബരിമലയില്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും മോദി പറഞ്ഞു. 

സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം പകര്‍ന്ന എ.വി. കുട്ടിമാളുവമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് ആദിവാസി കലാകാരി നാഞ്ചിയമ്മ, കായിക താരങ്ങളായ പി.ടി. ഉഷ, അഞ്ജു ബോബി ജോര്‍ജ്, വാര്‍ദ്ധക്യ കാലത്തും വിദ്യാഭ്യാസം നേടിയ കാര്‍ത്യായനിയമ്മ, ഭാഗീരതിയമ്മ തുടങ്ങിയവര്‍ രാജ്യത്തിന് കേരളം നല്‍കിയ സംഭാവനകളാണെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174372/prime-minister)