---
title: "ജോലി വാഗ്ദാനവും നിക്ഷേപ തട്ടിപ്പും: യുവാക്കള്‍ മൂന്ന് മാസം കൊണ്ട് തട്ടിയെടുത്തത് 60 കോടി"
english_title: "Fraud "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174426/fraud"
published_at: "2024-01-03T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65959366c3170_n571083750170430127634354dd955a028d670f4b3aa6cae91084d656452e502838f1f9a2d5434ed9371de1.jpg"
keywords: []
---

# ജോലി വാഗ്ദാനവും നിക്ഷേപ തട്ടിപ്പും: യുവാക്കള്‍ മൂന്ന് മാസം കൊണ്ട് തട്ടിയെടുത്തത് 60 കോടി

> **Lead Summary:** **മുംബൈ:** ജോലി വാഗ്ദാനവും നിക്ഷേപ തട്ടിപ്പും നടത്തി രണ്ട് ഗുജറാത്ത് സ്വദേശികള്‍ മൂന്ന് മാസം കൊണ്ട് തട്ടിയെടുത്തത് 60 കോടി രൂപ. സംഭവവുമായി ബന്ധപ്പെട്ട് രൂപേഷ് പ്രവികുമാര്‍ , പങ്കജ് ഭായ് ഗോവര്‍ദന്‍ ഓദ് എന്നിവരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 2.45 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് കാട്ടി മുംബൈ സ്വദേശിയായ കൗമാരക്കാരന്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.

## Article Content

**മുംബൈ:** ജോലി വാഗ്ദാനവും നിക്ഷേപ തട്ടിപ്പും നടത്തി രണ്ട് ഗുജറാത്ത് സ്വദേശികള്‍ മൂന്ന് മാസം കൊണ്ട് തട്ടിയെടുത്തത് 60 കോടി രൂപ. സംഭവവുമായി ബന്ധപ്പെട്ട് രൂപേഷ് പ്രവികുമാര്‍ , പങ്കജ് ഭായ് ഗോവര്‍ദന്‍ ഓദ് എന്നിവരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 2.45 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് കാട്ടി മുംബൈ സ്വദേശിയായ കൗമാരക്കാരന്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.

പോലീസ് നടത്തിയ പരിശോധനയില്‍ പ്രതികളുടെ അക്കൗണ്ടില്‍ 1.1 കോടി രൂപ കണ്ടെത്തുകയും ഈ തുക മരവിപ്പിക്കുകയും ചെയ്തു. വിശദമായ അന്വേഷണത്തിലാണ് സമാനമായ രീതിയില്‍ ഒട്ടേറെപ്പേരെ കബളിപ്പിച്ച്‌ 60 കോടി തട്ടിയെടുത്തകാര്യം വ്യക്തമായത്. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായെങ്കിലും മുഖ്യപ്രതി ലണ്ടനില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 19-കാരനായ മുംബൈ സ്വദേശി കൃഷ് ആണ് പണം നഷ്ടപ്പെട്ടെന്നുകാട്ടി പോലീസില്‍ പരാതി നല്‍കിയത്. റെസ്റ്ററന്റുകളെക്കുറിച്ച്‌ റിവ്യൂ എഴുതി നല്‍കുന്ന ജോലിയ്ക്കാണ് കൃഷിനെ തെരഞ്ഞടുത്തത്. ആഴ്ചയില്‍ ഏതാനും മണിക്കൂര്‍ മാത്രം ജോലി ചെയ്താല്‍ 10000 രൂപ പ്രതിഫലം നല്‍കുമെന്ന് പറഞ്ഞാണ് ജോലിക്കായി തെരഞ്ഞെടുത്തത്. ഇതിന് പുറമെ ദിവസം മൂവായിരം മുതല്‍ 5000 രൂപ വരെ ബോണസായി നല്‍കുമെന്നും തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന് പുറമെ മരിയ എന്നു പേരുള്ള യുവതി കൃഷിനോട് 1000 രൂപ നിക്ഷേപം നടത്താന്‍ പറഞ്ഞു. ഇതിന് 300 രൂപ ലാഭമായി നല്‍കാമെന്നും വ്യക്തമാക്കി. 2000 രൂപ നിക്ഷേപിച്ചാല്‍ 600 രൂപ നേടാമെന്നും 3000 രൂപ നിക്ഷേപിച്ചാല്‍ 900 രൂപ ലാഭം നേടാമെന്നും അവര്‍ ധരിപ്പിച്ചു.

കൃഷ് 1000 രൂപ നിക്ഷേപം നടത്തി. തുടര്‍ന്ന് 1650 രൂപ തിരികെ ലഭിച്ചുവെന്ന് കാട്ടി ഒരു സന്ദേശം ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ ലഭിച്ചും. ഇങ്ങനെ 2.45 ലക്ഷം രൂപയുടെ നിക്ഷേപമാണ് കൃഷ് നടത്തിയത്. ഇതിനെല്ലാം പ്രതിഫലമായി തുക ലഭിച്ചതിന്റെ സന്ദേശങ്ങളും ഫോണിലേക്ക് ലഭിക്കുന്നുണ്ടായിരുന്നു. എന്നാല്‍, പിന്നീട് ബാങ്കിലെത്തി തുക പിന്‍വലിക്കാന്‍ നോക്കുമ്ബോഴാണ് താന്‍ തട്ടിപ്പിനിരയായ വിവരം കൃഷ് അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് മാതുന്‍ഗ പോലീസ സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ദീപക് ചവാന്‍ പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനായി സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരുടെ സഹായം പോലീസ് തേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174426/fraud)