---
title: "'ഭാരത് ജോഡോ ന്യായ് യാത്ര'; രാഹുല്‍ 100 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക്"
english_title: "Rahul-gandhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174600/rahul-gandhi"
published_at: "2024-01-04T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596b4ed1e6d6_n57133742617043754444517a0cf31c6f65ac402a0fe334d53e122004590de35e3c43ee4f97f0c23591a396.jpg"
keywords: []
---

# 'ഭാരത് ജോഡോ ന്യായ് യാത്ര'; രാഹുല്‍ 100 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക്

> **Lead Summary:** **ന്യൂഡല്‍ഹി: **ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ഗാന്ധി നടത്താനിരുന്ന ഭാരത് ന്യായ് യാത്രയുടെ പേര് ഭാരത് ജോഡോ ന്യായ് യാത്ര എന്ന് പരിഷ്കരിച്ചു. യാത്ര കടന്നുപോകുന്ന ദൂരവും സംസ്ഥാനങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. എഐസിസി ഭാരവാഹി യോഗത്തിന്‍റേതാണ് തീരുമാനം.

## Article Content

**ന്യൂഡല്‍ഹി: **ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ഗാന്ധി നടത്താനിരുന്ന ഭാരത് ന്യായ് യാത്രയുടെ പേര് ഭാരത് ജോഡോ ന്യായ് യാത്ര എന്ന് പരിഷ്കരിച്ചു. യാത്ര കടന്നുപോകുന്ന ദൂരവും സംസ്ഥാനങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. എഐസിസി ഭാരവാഹി യോഗത്തിന്‍റേതാണ് തീരുമാനം.

നേരത്തെ 14 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോകാൻ തീരുമാനിച്ചിരുന്നത്. ഈ പട്ടികയില്‍ അരുണാചല്‍ പ്രദേശ് കൂടി ഉള്‍പ്പെടുത്തി 15 സംസ്ഥാനങ്ങളായി ഉയര്‍ത്തി. ജനുവരി 14 ന് മണിപ്പൂരിലെ ഇംഫാലില്‍നിന്നാണ് യാത്ര ആരംഭിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയാണ് യാത്ര ഫ്ലാഗ്‌ഓഫ് ചെയ്യുന്നത്. 66 ദിവസമാണ് യാത്രയുടെ ദൈര്‍ഘ്യം. ഒരുദിവസം രണ്ട് പ്രാവശ്യമാണ് യാത്രയില്‍ രാഹുല്‍ഗാന്ധി ജനങ്ങളോട് സംസാരിക്കുക.

വിവിധ സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ 6,700 കിലോമീറ്ററാണ് യാത്ര കടന്നുപോകുന്നത്. ഇതില്‍ 100 ലോക്സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടും. ആദ്യം 6,200 കിലോമീറ്റര്‍ ദൂരമാണ് യാത്ര തീരുമാനിച്ചിരുന്നത്. ഉത്തര്‍പ്രദേശില്‍ 20 ജില്ലകളിലായി 11 ദിവസമാണ് ഭാരത് ജോഡോ ന്യായ് യാത്ര പര്യടനം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174600/rahul-gandhi)