---
title: "ഫാ. ഷൈജു കുര്യന്‍റെ ബിജെപി പ്രവേശനം; വൈദികര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഓര്‍ത്തഡോക്സ് സഭ"
english_title: "Bjp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174613/bjp"
published_at: "2024-01-04T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596c1b4a20fc_n5713540781704378703174ed1252cf33f4021dcfcba2af000faa454a86bc8ad58528c628abf63729568d11.jpg"
keywords: []
---

# ഫാ. ഷൈജു കുര്യന്‍റെ ബിജെപി പ്രവേശനം; വൈദികര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഓര്‍ത്തഡോക്സ് സഭ

> **Lead Summary:** **പത്തനംതിട്ട: **ഫാദര്‍ ഷൈജു കുര്യന്‍റെ ബിജെപി പ്രവേശനത്തിനു പിന്നാലെ വൈദികര്‍ക്ക് നിര്‍ദേശങ്ങളുമായി ഓര്‍ത്തഡോക്സ് സഭ. നേതൃത്വത്തിന്‍റെ അനുമതിയില്ലാതെ വൈദികര്‍ അഭിപ്രായ പ്രകടനത്തിന് മുതിരരുതെന്നാണ് നിര്‍ദേശം. വൈദിക ട്രസ്റ്റി വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് സന്ദേശം പങ്കുവച്ചത്. 

## Article Content

**പത്തനംതിട്ട: **ഫാദര്‍ ഷൈജു കുര്യന്‍റെ ബിജെപി പ്രവേശനത്തിനു പിന്നാലെ വൈദികര്‍ക്ക് നിര്‍ദേശങ്ങളുമായി ഓര്‍ത്തഡോക്സ് സഭ. നേതൃത്വത്തിന്‍റെ അനുമതിയില്ലാതെ വൈദികര്‍ അഭിപ്രായ പ്രകടനത്തിന് മുതിരരുതെന്നാണ് നിര്‍ദേശം. വൈദിക ട്രസ്റ്റി വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് സന്ദേശം പങ്കുവച്ചത്. 

വൈദികരില്‍ നിന്ന് വിഴുപ്പലക്കല്‍ പ്രതീക്ഷിക്കുന്നില്ല. അച്ചടക്കം പാലിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണം. മാധ്യമങ്ങളില്‍ വന്ന് പരസ്യമായി അഭിപ്രായം പറയുന്നതിന് മുൻപ് ഭദ്രാസന അധ്യക്ഷന്‍റെയോ സഭാ നേതൃത്വത്തിന്‍റെയോ അനുമതി തേടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയിലാണ് ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തുന്നത് സഭയുടെ കെട്ടുറപ്പിനെ ബാധിക്കും. ഇത്തരം നടപടികളില്‍നിന്ന് വൈദികര്‍ പിന്മാറണം. സഭ നിര്‍ദേശിക്കുന്നവരും മുൻകൂട്ടി തീരുമാനിച്ചവരും മാത്രം മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കു പോകുന്ന രീതി തുടരണം എന്നും നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ നടക്കുന്ന വിഷയങ്ങളില്‍ നേതൃത്വത്തിന്‍റെ ഉചിതമായ നിര്‍ദേശമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.

ഫാ. ഷൈജു കുര്യൻ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് വിശ്വാസികള്‍ക്കിടയില്‍ നിന്നുണ്ടായത്. അദ്ദേഹത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സംഭവം വിവാദമായതോടെ സഭ ആവശ്യപ്പെട്ടാല്‍ ബിജെപിയില്‍ ചേര്‍ന്ന തീരുമാനം തിരുത്താൻ തയാറാണെന്നും വൈദികൻ ഫാ. ഷൈജു കുര്യൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174613/bjp)