---
title: "ബിജെപിയില്‍ ചേര്‍ന്ന ഓര്‍ത്തഡോക്സ് വൈദികനെതിരേ നടപടി"
english_title: "Bjp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174832/bjp"
published_at: "2024-01-05T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65981480300ea_n5716580021704464351313ed1252cf33f4021dcfcba2af000faa454a86bc8ad58528c628abf63729568d11.jpg"
keywords: []
---

# ബിജെപിയില്‍ ചേര്‍ന്ന ഓര്‍ത്തഡോക്സ് വൈദികനെതിരേ നടപടി

> **Lead Summary:** **കോട്ടയം: **ബിജെപി അംഗത്വം സ്വീകരിച്ച ഓര്‍ത്തഡോക്സ് സഭാ വൈദികൻ ഫാ.ഷൈജു കുര്യനെതിരേ സഭാ നേതൃത്വം നടപടിക്ക് ഒരുങ്ങുന്നു. ഫാ. ഷൈജുവിനെ സഭാ ചുമതലകളില്‍ നിന്നും നീക്കാനും ബിജെപിയില്‍ ചേര്‍ന്ന സംഭവം അന്വേഷിക്കുവാനും ഭദ്രാസന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

## Article Content

**കോട്ടയം: **ബിജെപി അംഗത്വം സ്വീകരിച്ച ഓര്‍ത്തഡോക്സ് സഭാ വൈദികൻ ഫാ.ഷൈജു കുര്യനെതിരേ സഭാ നേതൃത്വം നടപടിക്ക് ഒരുങ്ങുന്നു. ഫാ. ഷൈജുവിനെ സഭാ ചുമതലകളില്‍ നിന്നും നീക്കാനും ബിജെപിയില്‍ ചേര്‍ന്ന സംഭവം അന്വേഷിക്കുവാനും ഭദ്രാസന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഓര്‍ത്തഡോക്സ്‌ സഭാധ്യക്ഷൻ നിയോഗിക്കുന്ന കമ്മീഷൻ ഫാ.ഷൈജുവിനെതിരേ ലഭിച്ചിരിക്കുന്ന പരാതികള്‍ അന്വേഷിക്കും.

അതേസമയം തനിക്കെതിരേ സഭാ നേതൃത്വം നടപടിയെടുത്തുവെന്ന വാദം ഫാ.ഷൈജു തള്ളി. തന്‍റെ അഭ്യര്‍ഥന പ്രകാരം സഭാനേതൃത്വം അവധി അനുവദിച്ചതാണെന്നും താൻ കൂടി ആവശ്യപെട്ടിട്ടാണ് അന്വേഷണം തീരുമാനിച്ചതെന്നും ഫാ. ഷൈജു കുര്യൻ പറഞ്ഞു.

കേന്ദ്രമന്ത്രി വി.മുരളീധരനില്‍ നിന്നാണ് ഫാ. ഷൈജു കുര്യനോടൊപ്പം ഓര്‍ത്തഡോക്സ് സഭയിലെ 47 പേര്‍ കഴിഞ്ഞ ദിവസം ബിജെപി അംഗത്വം സ്വീകരിച്ചത്. പിന്നാലെ വൈദികനെതിരേ ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174832/bjp)