---
title: "ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കണ്ണൂർ പയ്യന്നൂരിൽ കൂറ്റൻ ഗരുഡ ശിൽപം ഒരുങ്ങുന്നു "
english_title: "Guruvayyor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174952/guruvayyor"
published_at: "2024-01-06T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598fd63afd98_IMG-20240106-WA0053.jpg"
keywords: []
---

# ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കണ്ണൂർ പയ്യന്നൂരിൽ കൂറ്റൻ ഗരുഡ ശിൽപം ഒരുങ്ങുന്നു 

> **Lead Summary:** **കണ്ണൂർ**: ഗുരുവായൂരിന്റെ മുഖമുദ്രയായ മഞ്ജുളാൽത്തറ അടിമുടിമാറ്റത്തിനൊരുങ്ങുന്നു. ആൽത്തറയിൽ ചിറകുവിടർത്തിനിൽക്കുന്ന ഗരുഡന്റെ ശില്പം മാറ്റി പ്രതിഷ്ഠിക്കാൻ പുതിയത് ഒരുങ്ങി. നിലവിലുള്ള ഗരുഡന്റെ അതേ അളവൂം രൂപഭാവവും മാറാതെ കളിമണ്ണിലാണ് ശില്പം പണിതിട്ടുള്ളത്. ഇനിയത് വെങ്കലത്തിലേക്ക്‌ മാറും. വിഷു എത്തുന്നതോടെ ഗുരുവായൂരിലേക്ക്‌ വരുന്നവരെ സ്വാഗതമോതുക മിഴിവുള്ള വെങ്കലഗരുഡനായിരിക്കും.

## Article Content

**കണ്ണൂർ**: ഗുരുവായൂരിന്റെ മുഖമുദ്രയായ മഞ്ജുളാൽത്തറ അടിമുടിമാറ്റത്തിനൊരുങ്ങുന്നു. ആൽത്തറയിൽ ചിറകുവിടർത്തിനിൽക്കുന്ന ഗരുഡന്റെ ശില്പം മാറ്റി പ്രതിഷ്ഠിക്കാൻ പുതിയത് ഒരുങ്ങി. നിലവിലുള്ള ഗരുഡന്റെ അതേ അളവൂം രൂപഭാവവും മാറാതെ കളിമണ്ണിലാണ് ശില്പം പണിതിട്ടുള്ളത്. ഇനിയത് വെങ്കലത്തിലേക്ക്‌ മാറും. വിഷു എത്തുന്നതോടെ ഗുരുവായൂരിലേക്ക്‌ വരുന്നവരെ സ്വാഗതമോതുക മിഴിവുള്ള വെങ്കലഗരുഡനായിരിക്കും.

കണ്ണൂർ സ്വദേശിയായ ശില്പി കാനായി ഉണ്ണിയാണ് ശില്പം പണിയുന്നത്. ഇതോടൊപ്പം മഞ്ജുള എന്ന ഭക്തയുടെ ശില്പവും നിർമിക്കുന്നുണ്ട്. ഗുരുവായൂരപ്പന് നിത്യവും മാല ചാർത്തിയിരുന്ന ഭക്ത എന്ന നിലയ്ക്ക്, മാല പിടിച്ചുനിൽക്കുന്ന മഞ്ജുളയുടെ രൂപമാണ് നിർമിക്കുന്നത്. കരിങ്കല്ലുകൊണ്ട് ഉയർത്തിക്കെട്ടി തറ മനോഹരമാക്കുകയും ചെയ്യും. മഞ്ജുളാൽമരം മാറ്റിസ്ഥാപിക്കാനുള്ള ആലോചനയുമുണ്ട്. മരത്തിന്‌ കേടുപാടുകളുണ്ട്. കാർഷിക സർവകലാശാലയിലെ വിദഗ്‌ധരുമായി ഇത് ചർച്ചചെയ്തും തന്ത്രിയുൾപ്പെടെയുള്ള ആചാര്യന്മാരുടെ നിർദേശങ്ങൾക്കനുസരിച്ചുമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക.

ആലിന്‌ പടിഞ്ഞാറുഭാഗത്തെ കുചേലന്റെ ശില്പവും മാറ്റിപ്പണിയും. എല്ലാം പൂർത്തിയായാൽ മഞ്ജുളാൽത്തറ ഗുരുവായൂരിനു പുതിയൊരു മുഖമായിരിക്കും സമ്മാനിക്കുക. ഒരുകോടി രൂപയുടെ പദ്ധതിയാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174952/guruvayyor)