---
title: "വധുവരന്മാർ നേരിട്ട് ഹാജരാവാതെ ഇരിട്ടി നഗരസഭയിൽ ആദ്യ ഓൺലൈൻ വിവാഹ രജിസ്ട്രേഷൻ നടത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175228/iritty"
published_at: "2024-01-07T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659aa68de5e41_IMG-20240107-WA0027.jpg"
keywords: []
---

# വധുവരന്മാർ നേരിട്ട് ഹാജരാവാതെ ഇരിട്ടി നഗരസഭയിൽ ആദ്യ ഓൺലൈൻ വിവാഹ രജിസ്ട്രേഷൻ നടത്തി

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി നഗരസഭയിൽ കെ സ്മാർട്ട് ഓൺലൈൻ സംവിധാനം നിലവിൽ വന്ന ശേഷം ആദ്യമായി നടന്ന ഓൺലൈൻ വിവാഹ രജിസ്‌ട്രേഷൻ ആഘോഷമാക്കി നഗരസഭ. വധുവിന്റെ വാർഡിലെ കൗൺസിലർ കൂടിയായ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ കെ രവീന്ദ്രൻ ഭരണ സമിതി അംഗങ്ങൾക്കും ജീവനക്കാർക്കും മധുരം വിതരണംചെയ്തു .

## Article Content

**ഇരിട്ടി** : ഇരിട്ടി നഗരസഭയിൽ കെ സ്മാർട്ട് ഓൺലൈൻ സംവിധാനം നിലവിൽ വന്ന ശേഷം ആദ്യമായി നടന്ന ഓൺലൈൻ വിവാഹ രജിസ്‌ട്രേഷൻ ആഘോഷമാക്കി നഗരസഭ. വധുവിന്റെ വാർഡിലെ കൗൺസിലർ കൂടിയായ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ കെ രവീന്ദ്രൻ ഭരണ സമിതി അംഗങ്ങൾക്കും ജീവനക്കാർക്കും മധുരം വിതരണംചെയ്തു .

ഇരിട്ടി നെടിയാഞ്ഞിരത്തെ അമൃതാ നിവാസിൽ അമൃതയുടെയും കൊടോളിപ്രത്തെ നിധിന്റെയും ഓൺലൈൻ അയി ലഭിച്ച വിവാഹ രജിസ്‌ട്രേഷൻ അപേക്ഷക്കാണ് രജിസ്ട്രാർ അബൂബക്കർ സിദ്ദിഖ് അപേക്ഷ പരിശോധിച്ച് ഏതാനും മിനുറ്റുകൾക്കകം അനുമതി നൽകിയത്. ഇനിമുതൽ വധുവരന്മാർ നേരിട്ടെത്താതെ ഒ ടി പി വെരിഫിക്കേഷൻ വഴി രജിസ്ട്രേഷൻ സാധ്യമാവും.

കെ സ്മാർട്ടിന്റെ കുടക്കീഴിൽ 18 ഫംഗ്ഷനൽ ഗ്രൂപ്പുകളും 472 ഓളം മൈനർ ഫംഗ്‌ഷനുകളാണ് മാപ്പ് ചെയ്യുന്നത്. ജീവനക്കർക്ക് സോഫ്റ്റ് വെയറിൽ ചുമതലകൾ നിശ്ചയിച്ചു നൽകുന്നതിന്റെയും പൊതുജനങ്ങളെ അപേക്ഷ സമർപ്പിക്കുന്നതിന് സഹായിക്കുന്നതിനും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ ഐ കെ എം ടെക്കനിക്കൽ ഓഫീസർ ഷൈനി, നഗരസഭാ ടെക്കനിക്കൽ ഓഫീസർ മായ, വിവിധ പഞ്ചായത്തുകളിൽ നിന്ന് നിയോഗിക്കപ്പെട്ട ടെക്കനിക്കൽ അസിസ്റ്റന്റുമാരായ അഷിൻ, വിപിൻ, ഷിനി , നിഖിൽ യമുന എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.

കെ സ്മാർട്ട് പൂർണ്ണമായും പ്രവർത്തന സജ്ജമാവുന്നതോടെ ജനനം, പേരിടൽ, കെട്ടിടനിർമ്മാണാനുമതി, സംരംഭ/വ്യാപാര ലൈസൻസ്, ക്ഷേമ പദ്ധതി ആനുകൂല്യങ്ങൾ, പരാതി പരിഹാരം തുടങ്ങി മരണം രജിസ്റ്റർ ചെയ്യുന്നതുവരെയുള്ള സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുമെന്ന് നഗരസഭാ ചെയർ പേഴ്സൻ കെ ശ്രീലത പറഞ്ഞു. പൊതു ജനങ്ങൾക്ക് ഫോൺ നമ്പറും ആധാർ നമ്പറും നൽകി കെ സ്മാർട്ടിൽ ഒറ്റത്തവണ രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് ഓടിപി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഉപയോഗിച്ച് സേവനങ്ങൾ ലഭ്യമാക്കാവുന്നതുമാണെന്ന് നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175228/iritty)