---
title: "ഇന്ന് മംഗല കുഞ്ഞുങ്ങൾ ക്ഷേത്ര തിരുമുറ്റത്തെത്തും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175781/kannur"
published_at: "2024-01-10T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e322838167_Picsart_24-01-10_11-24-23-956.jpg"
keywords: []
---

# ഇന്ന് മംഗല കുഞ്ഞുങ്ങൾ ക്ഷേത്ര തിരുമുറ്റത്തെത്തും

> **Lead Summary:** **കണ്ണൂർ**: പെരുങ്കളിയാട്ടത്തിൻ്റെ മൂന്നാം ദിനമായ ഇന്ന് മംഗല കുഞ്ഞുങ്ങൾ തിരുമുറ്റത്തെത്തും.പെരുങ്കളിയാട്ടത്തിൽ മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റത്തോടൊപ്പമാണ് മംഗലക്കുഞ്ഞുങ്ങൾ ക്ഷേത്ര തിരുമുറ്റത്തെത്തുക.

## Article Content

**കണ്ണൂർ**: പെരുങ്കളിയാട്ടത്തിൻ്റെ മൂന്നാം ദിനമായ ഇന്ന് മംഗല കുഞ്ഞുങ്ങൾ തിരുമുറ്റത്തെത്തും.പെരുങ്കളിയാട്ടത്തിൽ മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റത്തോടൊപ്പമാണ് മംഗലക്കുഞ്ഞുങ്ങൾ ക്ഷേത്ര തിരുമുറ്റത്തെത്തുക.

പുതുവസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് അണിഞ്ഞൊരുങ്ങിയാണ് കുട്ടികൾ അരങ്ങിലെത്തുന്നത്. ചടങ്ങിൽ പങ്കെടുക്കുന്ന കുട്ടികൾ വ്രതാനുഷ്ഠാനത്തിലായിരിക്കണം. അച്ഛന്റെയോ അമ്മാമന്റെയോ ചുമലിലേറി കുഞ്ഞുങ്ങൾ ഉച്ചത്തോറ്റത്തോടൊപ്പം ക്ഷേത്രം വലം വെക്കും. കുട്ടികൾ കൈയിലുള്ള വെറ്റില മുറിച്ചെടുത്ത് പിറകിലോട്ടെറിഞ്ഞുകൊണ്ടാണ് ക്ഷേത്രത്തെ വലംവെക്കുക.

രാത്രി 12 മണിക്ക് കണ്ണങ്ങാട്ട് ഭഗവതിയുടെ തോറ്റവും 12.30ന് പുലിയൂർ കാളിയുടെ തോറ്റവും അരങ്ങിലെത്തും.12.30ന് മുണ്ട്യയിൽ കുണ്ടോർ ചാമുണ്ടി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി എന്നിവയുടെ തോറ്റം നടക്കും. പുലർച്ചെ 3 മണിക്ക് പുലിയൂർ കണ്ണൻ ദൈവം പുറപ്പെടും.രാവിലെ 6 മണിക്ക് കണ്ണങ്ങാട്ട് ഭഗവതിയും രാവിലെ 7.30ന് പുലിയൂർ കാളിയും പുറപ്പെടും.

രാവിലെ 9 മണിക്ക് കുണ്ടോർ ചാമുണ്ഡിയും 9.30ന് മടയിൽ ചാമുണ്ഡി യും 10 മണിക്ക് വിഷ്ണുമൂർത്തിയും പുറപ്പെടും.രാവിലെ 11 മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ അടിച്ചു തളിതോറ്റവും, അരങ്ങിൽ അടിയന്തിരവും നെയ്യാട്ടവും നടക്കും.തുടർന്ന് മുച്ചിലോട്ട് ഭഗവതിയുടെ കോലധാരിയെ മുച്ചിലോടിൻ്റെ മതിലിനകത്ത് കുച്ചിൽ പ്രവേശിപ്പിക്കും.11.30 മുതൽ അന്നപ്രസാദം ആരംഭിക്കും.

ഉച്ചയ്ക്ക് 2 മണിക്ക് കൂത്തും ചങ്ങനും പൊങ്ങനും ഉണ്ടാവും.വൈകുന്നേരം 4 മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റവും അരങ്ങിൽ അടിയന്തിരവും നെയ്യാട്ടവും നടക്കും.വൈകുന്നേരം 5.30ന് തൽസ്വരൂപൻ ദൈവം വെള്ളാട്ടവും 6 മണിക്ക് പുളിയൂർ കണ്ണൻ ദൈവം വെള്ളാട്ടവും ഉണ്ടാവും.

7 മണി മുതൽ അന്നപ്രസാദം ആരംഭിക്കും. രാത്രി 9 മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റവും അരങ്ങിൽ അടിയന്തിരവും നെയ്യാട്ടവും നടക്കും.മുണ്ട്യയിൽ രാത്രി 10.30ന് മടയിൽ ചാമുണ്ഡി യുടെയും, വിഷ്ണു മൂർത്തിയുടേയും തോറ്റം നടക്കും.രാത്രി 11 മണിക്ക് കണ്ണങ്ങാട്ട് ഭഗവതിയുടെയും തുടർന്ന് പുലിയൂർ കാളിയുടെ തോറ്റവും അരങ്ങിലെത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175781/kannur)