---
title: "#Wildelephant | മൂന്നാറിലെ ജനവാസ മേഖലകളിൽനിന്നൊഴിയാതെ കാട്ടാനക്കൂട്ടം "
english_title: "Wild elephant except in populated areas of Munnar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176063/wild-elephant-except-in-populated-areas-of-munnar"
published_at: "2024-01-11T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f9b8a9d5cd_WhatsApp_Image_2024-01-11_at_1.09.21_PM.jpeg"
keywords: []
---

# #Wildelephant | മൂന്നാറിലെ ജനവാസ മേഖലകളിൽനിന്നൊഴിയാതെ കാട്ടാനക്കൂട്ടം 

> **Lead Summary:** **മൂന്നാർ**: മൂന്നാറിലെ ജനവാസ മേഖലകളിൽ നിന്നൊഴിയാതെ കാട്ടാനകൾ. കാട്ടാനകളുടെ സാന്നിധ്യം വർധിച്ചതോടെ ജനജീവിതം ദുസഹമായി മാറി. വിഷയത്തിൽ വനംവകുപ്പ് ഫലപ്രദമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.മൂന്നാറിലെ എസ്‌റ്റേറ്റു പ്രദേശങ്ങളിലെ ജനവാസ മേഖലകൾ വിടാതെ കാട്ടാനകൾ തമ്പടിക്കുന്നു. കാട്ടാനകളുടെ നിരന്തരമായ സാന്നിധ്യം മൂലം ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.

## Article Content

**മൂന്നാർ**: മൂന്നാറിലെ ജനവാസ മേഖലകളിൽ നിന്നൊഴിയാതെ കാട്ടാനകൾ. കാട്ടാനകളുടെ സാന്നിധ്യം വർധിച്ചതോടെ ജനജീവിതം ദുസഹമായി മാറി. വിഷയത്തിൽ വനംവകുപ്പ് ഫലപ്രദമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.മൂന്നാറിലെ എസ്‌റ്റേറ്റു പ്രദേശങ്ങളിലെ ജനവാസ മേഖലകൾ വിടാതെ കാട്ടാനകൾ തമ്പടിക്കുന്നു. കാട്ടാനകളുടെ നിരന്തരമായ സാന്നിധ്യം മൂലം ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.

കഴിഞ്ഞ ദിവസം നല്ലതണ്ണിയിലെ വീടുകൾക്കു സമീപമാണ് കാട്ടാനയെത്തിയത്. പകൽനേരത്തു പോലും കാട്ടാനകളുടെ സാന്നിധ്യം മൂലം തൊഴിലാളികൾക്ക് പുറത്തിറങ്ങുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കാട്ടാനകൾ കൂട്ടം ചേർന്ന് നടക്കുന്നതും പതിവായിരിക്കുകയാണ്. പടയപ്പയെ കൂടാതെ മറ്റു കൊമ്പന്മാരും എസ്റ്റേറ്റ് തൊഴിലാളികൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച ലോക്കാട് എസ്റ്റേറ്റിലെ റേഷൻ കട തകർത്ത് അരി ഭക്ഷിച്ച പടയപ്പ കഴിഞ്ഞ ദിവസം കന്നിമല എസ്റ്റേറ്റിന് സമീപമുള്ള കൃഷികൾ നശിപ്പിച്ചിരുന്നു. പകൽ നേരങ്ങളിൽ തൊഴിലാളികൾ പണിയെടുക്കുന്ന തോട്ടങ്ങളിലും കാട്ടാനകൾ വിലസുന്നത് പതിവു കാഴ്ചയായി മാറുകയാണ്. ജനവാസ മേഖലകളിലെ വന്യ ജീവികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വനം വകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം നിരന്തരമായി ഉയരുന്നുണ്ടെങ്കിലും കാര്യമായ നടപടികൾ വകുപ്പിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

എസ്റ്റേറ്റ് മേഖലകളിലെ ക്ഷീര കർഷകരും വന്യജീവി ആക്രമണം മൂലം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 200 ൽ അധികം പശുക്കളാണ് കടുവയുടെയും പുലിയുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ഈ വിഷയത്തിൽ വനം വകുപ്പ് അടിയന്തിര ഇടപെടൽ നടത്തണമെന്ന ആവിശ്യമാണ് ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176063/wild-elephant-except-in-populated-areas-of-munnar)