---
title: "മുഖ്യമന്ത്രി ആദ്യം ജയിലിലടക്കേണ്ടത് കൂടെ നടക്കുന്ന ക്രിമിനലുകളെ:അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176147/kannur"
published_at: "2024-01-11T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ffd11e1b05_IMG-20240111-WA0027.jpg"
keywords: []
---

# മുഖ്യമന്ത്രി ആദ്യം ജയിലിലടക്കേണ്ടത് കൂടെ നടക്കുന്ന ക്രിമിനലുകളെ:അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

> **Lead Summary:** **കണ്ണൂര്‍:** യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ തീവ്രവാദിയെ പിടികൂടുന്നതു പോലെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തു ജയിലിലടച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടെ കൊണ്ടു നടക്കുന്ന ക്രിമനലുകളെയാണ് ആദ്യം നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ടതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

## Article Content

**കണ്ണൂര്‍:** യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ തീവ്രവാദിയെ പിടികൂടുന്നതു പോലെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തു ജയിലിലടച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടെ കൊണ്ടു നടക്കുന്ന ക്രിമനലുകളെയാണ് ആദ്യം നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ടതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീകരമായി ആക്രമിച്ചതിന് കോടതി നിര്‍ദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ള പ്രതികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥരായി മുഖ്യമന്ത്രി കൊണ്ടു നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനപ്രകാരം ഇന്നലെ നടന്ന പ്രതിഷേധപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം തലശേരിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ പി സി സി പ്രസിഡണ്ടിനെയും , പ്രതിപക്ഷ നേതാവിനെയും പ്രതിയാക്കി കേസെടുത്തു. ഇതിലൂടെയൊക്കെ പ്രതിപക്ഷം വിരണ്ടു പോകുമെന്നാണോ പിണറായി കരുതുന്നത്. ജനാതിപത്യ അവകാശങ്ങൾ സംരക്ഷിക്കാനായി നിരവധി സമര പോരാട്ടങ്ങൾ നയിച്ച് ജയിലറകൾ വരിച്ചു തന്നെയാണ് യൂത്ത് കോൺഗ്രസ്സും കെ എസ് യുവും രാഷ്ട്രീയ മണ്ഡലത്തിൽ പ്രവർത്തിച്ചിട്ടുള്ളത് .അവരെ ജയിലറ കാണിച്ചു ഭയപ്പെടുത്താമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണ് . പിണറായിക്കും മുകളില്‍ പോലീസിനെ നിയന്ത്രിക്കുന്ന പി ശശി സൂപ്പര്‍ ആഭ്യന്തരമന്ത്രി ചമയുകയാണ്. ശശിയുടെ ചരിത്രമൊന്നും കോണ്‍ഗ്രസിനെ കൊണ്ടി വിളിച്ചു പറയിപ്പിക്കരുത്. ശശിയെ പോലുള്ളവരുടെ ഉപദേശം കേട്ടു ഭരിച്ചാല്‍ പിണറായി സര്‍ക്കാരിനെ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും കാര്‍ക്കിച്ചു തുപ്പുന്ന കാലം വിദൂരമല്ലെന്നോര്‍ക്കണം.

പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം തടസപ്പെടുത്തിയും അടിച്ചമര്‍ത്തിയുമുള്ള സ്റ്റാലിനിസ്റ്റ് നയം കേരളത്തില്‍ വിലപ്പോവില്ല. എത്ര അടിച്ചമര്‍ത്തിയാലും പൂര്‍വാധികം ശക്തിയോടെ തിരിച്ചടിക്കുമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.എം. പി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. എ. ഐ. സി. സി അംഗം വി. എ നാരായണന്‍ പ്രസംഗിച്ചു.പ്രതിഷേധ യോഗത്തിന് മുന്നോടിയായി നഗരത്തില്‍ നടന്ന പ്രകടനത്തിന് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്, വി. എ നാരായണന്‍, വി. എന്‍ ജയരാജ്, സജ്ജീവ് മാറോളി, വി. സുരേന്ദ്രന്‍ മാസ്റ്റര്‍, എം. പി അരവിന്ദാക്ഷന്‍, അഡ്വ. സി. ടി സജിത്ത്, കെ. പി സാജു, ഹരിദാസ് മൊകേരി, അഡ്വ. ഷുഹൈബ്, പി. കെ സതീശന്‍, ഗീത കൊമ്മേരി, നിമിഷ മോഹനന്‍, എം. സി അതുല്‍, എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176147/kannur)