---
title: "ഹർഷാദ് കേരളം വിട്ടെന്ന് സൂചന; രക്ഷപെട്ടത് ബംഗളൂരുവിൽ നിന്നെത്തിച്ച ബൈക്കിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176959/kannur"
published_at: "2024-01-15T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a523bb290f3_IMG-20240115-WA0044.jpg"
keywords: []
---

# ഹർഷാദ് കേരളം വിട്ടെന്ന് സൂചന; രക്ഷപെട്ടത് ബംഗളൂരുവിൽ നിന്നെത്തിച്ച ബൈക്കിൽ

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ ലഹരിക്കേസിലെ പ്രതി ഹർഷാദ് സംസ്ഥാനം വിട്ടെന്ന് സൂചന. ഹർഷാദ് ജയിൽ ചാടിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന് ജയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നിൽ ലഹരിക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് അധികൃതർ.

## Article Content

**കണ്ണൂർ**: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ ലഹരിക്കേസിലെ പ്രതി ഹർഷാദ് സംസ്ഥാനം വിട്ടെന്ന് സൂചന. ഹർഷാദ് ജയിൽ ചാടിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന് ജയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നിൽ ലഹരിക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് അധികൃതർ.

ഇന്നലെ രാവിലെയാണ് പത്രക്കെട്ട് എടുക്കാൻ പുറത്തിറങ്ങിയ ഹർഷാദ് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ കയറിപ്പോയത്. ജയിലിൽ നിന്ന് പുറത്തേക്കെത്തിയ ഹർഷാദ് ബംഗളൂരുവിൽ നിന്നെത്തിച്ച ബൈക്കിലാണ് രക്ഷപെട്ടതെന്ന് പോലീസ് അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. സംഭവത്തിൽ ജയിലിൽ കഴിഞ്ഞ ദിവസം കാണാനെത്തിയ സുഹൃത്തിനെ ചോദ്യം ചെയ്ത് വരികയാണ്. ജയിൽ ചാടാനുള്ള ആസൂത്രണത്തിൽ ഇയാളുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ മാസം ഒൻപതിനാണ് ഹർഷാദിനെ സുഹൃത്ത് ജയിലിൽ കാണാനെത്തിയത്. എന്നാൽ ബൈക്കുമായി എത്തിയത് ഇയാളല്ലെന്ന് വ്യക്തമായിട്ടുണ്ട്. ആസൂത്രണത്തിൽ സുഹൃത്തിന്‍റെ പങ്കും അന്വേഷിക്കുന്നുണ്ട്.

ഫോൺ വഴിയാണ് ജയിൽ ചാട്ടം പദ്ധതിയിട്ടതെന്നാണ് നിഗമനം. മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പോലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് ഇന്നലെ രാവിലെ അതിവിദ​ഗ്ധമായി ജയിൽ ചാടി പോയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176959/kannur)