---
title: "നിര്‍മാണം അന്തിമഘട്ടത്തില്‍; വന്ദേഭാരത് സ്ലീപ്പറുകള്‍ രണ്ടു മാസത്തിനുള്ളില്‍"
english_title: "Train "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176989/train"
published_at: "2024-01-15T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a5441b8b6f0_n5744940621705329624204adccbb212939eb4af091eb41c94cfe3716c39fef2f10da46fb7fdfb6bdc7ffdf.jpg"
keywords: []
---

# നിര്‍മാണം അന്തിമഘട്ടത്തില്‍; വന്ദേഭാരത് സ്ലീപ്പറുകള്‍ രണ്ടു മാസത്തിനുള്ളില്‍

> **Lead Summary:** **കൊല്ലം:** വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നു. രണ്ട് മാസത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കാൻ കഴിയുമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്‍റെ പ്രതീക്ഷ. ഫെബ്രുവരി അവസാന വാരത്തിലോ മാര്‍ച്ച്‌ രണ്ടാം വാരത്തിന് മുമ്ബോ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറങ്ങുമെന്നാണ് റെയില്‍വേ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്ന വിവരം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെയാണ് ആരംഭിച്ചത്.

## Article Content

**കൊല്ലം:** വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നു. രണ്ട് മാസത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കാൻ കഴിയുമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്‍റെ പ്രതീക്ഷ. ഫെബ്രുവരി അവസാന വാരത്തിലോ മാര്‍ച്ച്‌ രണ്ടാം വാരത്തിന് മുമ്ബോ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറങ്ങുമെന്നാണ് റെയില്‍വേ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്ന വിവരം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെയാണ് ആരംഭിച്ചത്.

ഇന്ത്യന്‍ റെയില്‍വേയുടെ ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച്‌ ഫാക്ടറിയുമായി സഹകരിച്ചാണ് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. രാജ്യത്ത് കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന രാജധാനി എക്‌സ്പ്രസ്, തേജസ് എക്‌സ്പ്രസ് ട്രെയിനുകളേക്കാള്‍ മികച്ച യാത്രാ അനുഭവം നല്‍കുന്നതാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍. നിലവിലെ വന്ദേ ഭാരത് എക്സ്പ്രസുകളേക്കാള്‍ വേഗത കൂടുതലായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജധാനി എക്സ്പ്രസ് ട്രെയിനുകളെ മാറ്റി സ്ഥാപിച്ച്‌ അവ ഓടുന്ന റൂട്ടുകളില്‍ വന്ദേ സ്ലീപ്പര്‍ ഏര്‍പ്പെടുത്താനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്. 16 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പര്‍ പ്രോട്ടോടൈപ്പില്‍ 11 എസി ത്രീ ടയര്‍ കോച്ചുകളും, നാല് എസി ടൂ ടയര്‍ കോച്ചുകളും, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുമുണ്ട്.

ട്രെയിനിന് ആകെ 823 യാത്രക്കാര്‍ക്കുള്ള ബര്‍ത്ത് ശേഷിയുണ്ടാകും. വന്ദേഭാരത് ചെയര്‍ കാറുകള്‍ക്ക് സമാനമായി 160 കിലോമീറ്റര്‍ വരെ വേഗതിലാണ് ട്രെയിന്‍ ഓടുക. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ കണക്കിലെടുത്ത് ബര്‍ത്തുകളുടെ വശത്ത് അധികമായി കുഷ്യന്‍ ഒരുക്കിയിട്ടുണ്ട്.

മികച്ച ബര്‍ത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പ്രായമായ യാത്രക്കാര്‍ക്ക് പോലും മുകളിലെ ബര്‍ത്തുകളില്‍ എളുപ്പത്തില്‍ കയറാന്‍ സാധിക്കുന്ന തരത്തിലാണ് ഗോവണികള്‍ സജ്ജമാക്കിയിരിക്കുന്നത്.കുലുക്കമില്ലാതെ യാത്ര ചെയ്യാനാകും. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ബെര്‍ത്തുകളും ടോയ്‌ലറ്റുകളുമുണ്ട്. കോമണ്‍ ഏരിയയില്‍ സെന്‍സര്‍ അടിസ്ഥാനമാക്കിയുള്ള ലൈറ്റിംഗ് സൗകര്യമാണ് തയാറാക്കിയിട്ടുള്ളത്. ആന്റി-സ്പില്‍ ഫീച്ചറുകളുള്ള വാഷ് ബേസിനാണ് മറ്റൊരു പ്രത്യേകത.

കോച്ചുകളുടെ ഇടനാഴിയില്‍ രാത്രി സഞ്ചരിക്കാന്‍ പ്രത്യേകം ലൈറ്റുകളുണ്ടാകും. സെന്‍സര്‍ അടിസ്ഥാനമാക്കിയുള്ള വാതിലുകള്‍, പുറത്തേയ്ക്ക് ഓട്ടോമാറ്റിക് സംവിധാനമുള്ള ഡോറുകള്‍, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ബര്‍ത്തുകള്‍, ശുചിമുറി, ഫസ്റ്റ് ഏസിയിലെ ചൂടുവെള്ളം ലഭിക്കുന്ന ഷവര്‍, നോയ്‌സ് ഇന്‍സുലേഷന്‍, ദുര്‍ഗന്ധം ഒഴിവാക്കാനാകുന്ന ശുചിമുറി എന്നിവയും ട്രെയിനിലുണ്ട്.

ഒറ്റ ദിവസത്തെ ദീര്‍ഘദൂര യാത്രയ്ക്കായി വന്ദേഭാരത് സ്ലീപ്പറുകള്‍ പ്രയോജനപ്പെടുത്താനാണ് ആലോചന. അതിനായി റൂട്ടുകള്‍ നിശ്ചയിക്കുന്നതിനുള്ള നീക്കവും റെയില്‍വേ സാങ്കേതിക വിഭാഗം ആരംഭിച്ച്‌ കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176989/train)