---
title: "ഞങ്ങളും രാമഭക്തര്‍: അയോധ്യയില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176992/congress"
published_at: "2024-01-15T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a54ad250b66_n5744767401705331285420d306019cfbfae8154ddc3fbf81eefb1689f668a9fe5818e4174f57eca80d3ed5.jpg"
keywords: []
---

# ഞങ്ങളും രാമഭക്തര്‍: അയോധ്യയില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

> **Lead Summary:** **അയോധ്യ: **ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അയോധ്യ രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ അവിഷ് പാണ്ഡേ, ദീപേന്ദര്‍ ഹൂഡ, അഖിലേഷ് പ്രതാപ് സിംഗ്, യുപി കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അര്‍ഥന മിശ്ര, ധീരജ് ഗുര്‍ജാര്‍, സുപ്രിയ ശ്രീനേത് എന്നിവരും സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു.

## Article Content

**അയോധ്യ: **ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അയോധ്യ രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ അവിഷ് പാണ്ഡേ, ദീപേന്ദര്‍ ഹൂഡ, അഖിലേഷ് പ്രതാപ് സിംഗ്, യുപി കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അര്‍ഥന മിശ്ര, ധീരജ് ഗുര്‍ജാര്‍, സുപ്രിയ ശ്രീനേത് എന്നിവരും സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു.

സരയൂ നദിയില്‍ സ്‌നാനം ചെയ്തതിനു ശേഷം നേതാക്കള്‍ ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലും ദര്‍ശനം നടത്തി. മകരസംക്രാന്തി ദിനമായ ഇന്ന് പാര്‍ട്ടി യുപി ഘടകം അയോധ്യ സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയനേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ രാമഭക്തരാണെന്നും ശ്രീരാമനെ രാഷ്ട്രീയ ഉപകരണമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിനു പുറമെ രാജസ്ഥാൻ, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പിസിസി അധ്യക്ഷന്മാരും അയോധ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയവത്കരിച്ചെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കില്ല.

ജനുവരി 22ന് ശേഷമുള്ള ഏതു ദിവസവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176992/congress)