---
title: "പണയം വച്ച 215 പവൻ തിരിച്ചുമറിച്ചു; ഓഡിറ്റിങ്ങില്‍ കുടുങ്ങി, ബാങ്ക് മാനേജര്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177249/arrested"
published_at: "2024-01-16T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a69270c517a_n57479177017054151440813a7fafa9d54706d40a296a72256aa6d8b420dc6dd945dcb516528bb1afe4f198.jpg"
keywords: []
---

# പണയം വച്ച 215 പവൻ തിരിച്ചുമറിച്ചു; ഓഡിറ്റിങ്ങില്‍ കുടുങ്ങി, ബാങ്ക് മാനേജര്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

> **Lead Summary:** **തിരുവനന്തപുരം: **സ്വകാര്യ ബാങ്കില്‍ പണയം വെച്ച സ്വര്‍ണം മറിച്ചുവിറ്റ കേസില്‍ ബാങ്ക് മാനേജരുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ബാങ്ക് മാനേജര്‍ എച്ച്‌. രമേശ്, സുഹൃത്ത് ആര്‍.വര്‍ഗീസ്, സ്വര്‍ണ വ്യാപാരി എം.എസ് കിഷോര്‍ എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്കില്‍ പണയം വെച്ചിരുന്ന 215 പവൻ സ്വര്‍ണമാണ് ഇവര്‍ തിരിമറി നടത്തിയത്. 

## Article Content

**തിരുവനന്തപുരം: **സ്വകാര്യ ബാങ്കില്‍ പണയം വെച്ച സ്വര്‍ണം മറിച്ചുവിറ്റ കേസില്‍ ബാങ്ക് മാനേജരുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ബാങ്ക് മാനേജര്‍ എച്ച്‌. രമേശ്, സുഹൃത്ത് ആര്‍.വര്‍ഗീസ്, സ്വര്‍ണ വ്യാപാരി എം.എസ് കിഷോര്‍ എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്കില്‍ പണയം വെച്ചിരുന്ന 215 പവൻ സ്വര്‍ണമാണ് ഇവര്‍ തിരിമറി നടത്തിയത്. 

രമേശ് മണ്ണന്തലയിലെ ബാങ്ക് മാനേജറായിരുന്ന കാലയളവിലായിരുന്നു തിരിമറി. ഏഴുപേര്‍ ബാങ്കില്‍ പണയം വച്ച 215 പവൻ സ്വര്‍ണം പലപ്പോഴായി പ്രതികള്‍ തിരിമറി നടത്തുകയായിരുന്നു. സ്വര്‍ണം തിരിച്ചെടുക്കാൻ നിക്ഷേപകൻ എത്തിയപ്പോഴാണ് സ്വര്‍ണം കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 27-ന് നടത്തിയ ഓഡിറ്റിങ്ങില്‍ 215 പവൻ സ്വര്‍ണം കാണാനില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ ബാങ്കിന്റെ റീജണല്‍ മാനേജര്‍ മണ്ണന്തല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയായ രമേശ് അപ്പോഴേക്കും സ്ഥലമാറി ബാങ്കിന്റെ പാളയത്തെ ബ്രാഞ്ചിലേക്ക് മാറിയിരുന്നു. റീജണല്‍ മാനേജരിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്.

50 ലക്ഷം കടബാധ്യത പ്രതികള്‍ക്കുണ്ടായിരുന്നു. ഇത് തീര്‍ക്കാനാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. മൂവരും ഒന്നിച്ചാണ് ആസൂത്രണം നടത്തിയതെന്നാണ് മൊഴി. ബാങ്കില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വില്‍പന നടത്താൻ രമേശിനെ സഹായിച്ചത് സുഹൃത്ത് വര്‍ഗീസും സ്വര്‍ണ വ്യാപാരി കിഷോറുമാണ്. പകുതിയിലേറെ സ്വര്‍ണം പ്രതികള്‍ പലയിടത്തായി വിറ്റതായാണ് പൊലീസ് കണ്ടെത്തി. കേസില്‍ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177249/arrested)