---
title: "കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ; പുഷ്പവൃഷ്ടി നടത്തി പ്രവര്‍ത്തകര്‍, കനത്ത സുരക്ഷയില്‍ നഗരം"
english_title: "Prime-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177253/prime-minister"
published_at: "2024-01-16T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a698a068984_n5747999621705416718778a9dca49f39b15707c6171bfb37850ad8fd3e990e786a8fb094c618d4610eafea.jpg"
keywords: []
---

# കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ; പുഷ്പവൃഷ്ടി നടത്തി പ്രവര്‍ത്തകര്‍, കനത്ത സുരക്ഷയില്‍ നഗരം

> **Lead Summary:** **കൊച്ചി: **ആയിരകണക്കിന് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നടുവില്‍ കൊച്ചിയെ ഇളക്കി മറിച്ച്‌ പ്രധാനമന്ത്രിയുടെ റോഡ് ഷോ. വൈകിട്ട് 7.45 ന് കെപിസിസി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച്‌ ഗസ്റ്റ് ഹൗസ് വരെയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തത്. 

## Article Content

**കൊച്ചി: **ആയിരകണക്കിന് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നടുവില്‍ കൊച്ചിയെ ഇളക്കി മറിച്ച്‌ പ്രധാനമന്ത്രിയുടെ റോഡ് ഷോ. വൈകിട്ട് 7.45 ന് കെപിസിസി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച്‌ ഗസ്റ്റ് ഹൗസ് വരെയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തത്. 

തുറന്ന ജീപ്പില്‍ പ്രധാനമന്ത്രിയോടൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും അനുഗമിച്ചു. 1.3 കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ കടന്നുപോയത്. ആലപ്പുഴ, കോട്ടയം, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളില്‍ നിന്ന് എത്തിയ പ്രവര്‍ത്തകര്‍ റോഡിന് ഇരുവശവുമായി നിന്ന് മുദ്രാവാക്യം വിളിക്കുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. അര മണിക്കൂര്‍ നീണ്ടുനിന്ന റോഡ് ഷോ 8.15 ന് അവസാനിച്ചു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, എറണാകുളം ജില്ലാ കളക്ടര്‍ എൻ.എസ്.കെ. ഉമേഷ്, ഡിജിപി ഷെയ്ഖ് ദര്‍ബേഷ് സാഹിബ് എന്നിവര്‍ ചേര്‍ന്ന് മോദിയെ നെടുന്പാശേരി വിമാനതാവളത്തില്‍ സ്വീകരിച്ചു.

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായ് പ്രധാനമന്ത്രി ബുധനാഴ്ച ഗുരുവായൂരില്‍ എത്തും. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തുമെന്ന് വിവരമുണ്ട്. പിന്നീട് കൊച്ചിയില്‍ തിരിച്ചെത്തുന്ന അദ്ദേഹത്തിന് കൊച്ചിൻ ഷിപ്പ് യാര്‍ഡിലും മറൈൻ ഡ്രൈവിലും പരിപാടികളുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177253/prime-minister)