---
title: "സ്വകാര്യ സ്ഥാപനത്തിന്റെ പ്രവർത്തനം കളക്ടർ നൽകിയ സമയ പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മീഷൻ"
english_title: "Human right commission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177287/human-right-commission"
published_at: "2024-01-16T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6b31524148_human-rights-commission328022-1593751406-jpg.jpg"
keywords: []
---

# സ്വകാര്യ സ്ഥാപനത്തിന്റെ പ്രവർത്തനം കളക്ടർ നൽകിയ സമയ പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മീഷൻ

> **Lead Summary:** **വയനാട്: **സുൽത്താൻ ബത്തേരി - ഗൂഡല്ലൂർ ഹൈവേയോട് ചേർന്ന് കല്ല്, മണൽ, പാറപ്പൊടി എന്നിവ ചില്ലറ വിൽപ്പന നടത്തുന്ന പി. കെ. സാന്റ്സ് എന്ന സ്ഥാപനം വയനാട് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം രാവിലെ 8 മുതൽ 5 മണി വരെ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് നെന്മേനി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സ്ഥാപനം നടത്തുന്ന അന്തരീക്ഷ മലിനീകരണത്തിനെതിരെ ലഭിച്ച പരാതിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ ഉത്തരവ്.

## Article Content

**വയനാട്: **സുൽത്താൻ ബത്തേരി - ഗൂഡല്ലൂർ ഹൈവേയോട് ചേർന്ന് കല്ല്, മണൽ, പാറപ്പൊടി എന്നിവ ചില്ലറ വിൽപ്പന നടത്തുന്ന പി. കെ. സാന്റ്സ് എന്ന സ്ഥാപനം വയനാട് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം രാവിലെ 8 മുതൽ 5 മണി വരെ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് നെന്മേനി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സ്ഥാപനം നടത്തുന്ന അന്തരീക്ഷ മലിനീകരണത്തിനെതിരെ ലഭിച്ച പരാതിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ ഉത്തരവ്.

ജില്ലാ കളക്ടർ, നെന്മേനി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തി വയ്ക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ സ്ഥാപനമുടമ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിട്ടുള്ളതായി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തനത്തിലുള്ള ശബ്ദ മലിനീകരണവും വായു മലിനീകരണവും അനുവദനീയമായ പരിധിയിലാണെന്ന് പരിശോധിച്ച് ഉറപ്പാക്കാൻ എല്ലാ മാസവും 5 നു മുമ്പായി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡ് കൽപ്പറ്റ എൺവയോൺമെന്റ് എഞ്ചിനീയർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ 2025 മേയ് 31 വരെ സ്ഥാപനത്തിന് പ്രവർത്തനാനുമതി നൽകിയിട്ടുണ്ടെന്നും സ്ഥാപനത്തിനെതിരെ ലഭിച്ച പരാതികളിൽ പല തവണകളായി പരിശോധന നടത്തിയിട്ടുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ടിൽ പറഞ്ഞു. ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്ന മാതൃകയിൽ എല്ലാ മാസവും ശബ്ദ/പൊടി അളവ് പരിശോധിക്കുന്നത് തികച്ചും അപ്രായോഗികമാണെന്നും റിപ്പോർട്ടിലുണ്ട്. തൊടുവെട്ടി സ്വദേശി കുഞ്ഞുമോൾ ജോസഫ് സമർപ്പിച്ച പരാതിയിലാണ് നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177287/human-right-commission)