---
title: "#bappiriyan | മതമൈത്രിയുടെ നേർസാക്ഷ്യമായി ഐതിഹ്യപ്പെരുമയിൽ ബപ്പിരിയനും പൊറാട്ടുകളും"
english_title: "Bappiriyan and poratt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177463/bappiriyan-and-poratt"
published_at: "2024-01-17T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7b3223aa57_Picsart_24-01-17_16-20-03-091.jpg"
keywords: []
---

# #bappiriyan | മതമൈത്രിയുടെ നേർസാക്ഷ്യമായി ഐതിഹ്യപ്പെരുമയിൽ ബപ്പിരിയനും പൊറാട്ടുകളും

> **Lead Summary:** **കണ്ണൂർ**: ഗതകാലത്തും കേരളക്കര ഏറ്റവും വലിയ മതമൈത്രി -സഹിഷ്ണുതയുടെ വിളനിലമാണെന്ന് വിളിച്ചോതി ബപ്പിരയനും മാപ്പിള പൊറാട്ടുകളും ക്ഷേത്രാങ്കണത്തിൽ നിറഞ്ഞാടി. കല്യാശ്ശേരി കോലത്തുവയൽ ചിറകുറ്റി പുതിയകാവ് കളിയാട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇത്തരം തെയ്യക്കോലങ്ങൾ കെട്ടിയാടിയത്. ക്ഷേത്രാങ്കണത്തിൽ കെട്ടിയാടുന്ന ബപ്പിരിയനും മാപ്പിള പൊറാട്ടുകളും പുതിയ കാലഘട്ടത്തിൽ പുതുതലമുറയ്ക്ക് മഹത്തായ സന്ദേശമാണ് നൽകുന്നത്.

## Article Content

**കണ്ണൂർ**: ഗതകാലത്തും കേരളക്കര ഏറ്റവും വലിയ മതമൈത്രി -സഹിഷ്ണുതയുടെ വിളനിലമാണെന്ന് വിളിച്ചോതി ബപ്പിരയനും മാപ്പിള പൊറാട്ടുകളും ക്ഷേത്രാങ്കണത്തിൽ നിറഞ്ഞാടി. കല്യാശ്ശേരി കോലത്തുവയൽ ചിറകുറ്റി പുതിയകാവ് കളിയാട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇത്തരം തെയ്യക്കോലങ്ങൾ കെട്ടിയാടിയത്. ക്ഷേത്രാങ്കണത്തിൽ കെട്ടിയാടുന്ന ബപ്പിരിയനും മാപ്പിള പൊറാട്ടുകളും പുതിയ കാലഘട്ടത്തിൽ പുതുതലമുറയ്ക്ക് മഹത്തായ സന്ദേശമാണ് നൽകുന്നത്.

വിശ്വാസികളിലെല്ലാം ഭക്തിയും കൂടെ കെട്ടിയിറങ്ങിയ മാപ്പിള വേഷധാരികളായ പൊറാട്ടുകളുടെ ഹാസ്യവും മർമത്തിൽ കൊള്ളുന്ന സംഭാഷണങ്ങളും കുറച്ചൊന്നുമല്ല ആനന്ദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്. മലയാളക്കരയുടെ പെരുമ കേട്ട ഭൂതകാല മതനിരപേക്ഷതയും സമഭാവനയും ബപ്പിരിയൻ തെയ്യത്തിന്റെയും അകമ്പടിക്കാരുടെയും കോലങ്ങളുടെ പൂർവകാല ചരിത്രങ്ങൾ തോറ്റംപാട്ടുകളിലും ഏറെ നിറഞ്ഞുനിൽക്കുന്നുണ്ട്. മാപ്പിള തെയ്യങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന ഈ കോലങ്ങൾ മരക്കലത്തമ്മ എന്ന ദേവതാ സങ്കൽപ്പത്തിന്റെ കൂടെ ഇറങ്ങുന്ന തെയ്യക്കോലങ്ങളാണ്. മിക്ക ക്ഷേത്രങ്ങളിലും മരക്കലത്തമ്മ എന്ന ഭഗവതി തെയ്യത്തോടൊപ്പമാണ് ഇത്തരം തെയ്യങ്ങൾ കെട്ടിയാടാറുള്ളത്.

എന്നാൽ, ചിറക്കുറ്റി പുതിയ കാവിലടക്കം അത്യപൂർവം ക്ഷേത്രാങ്കണങ്ങളിലാണ് ഇത്തരം തെയ്യങ്ങൾ വേറിട്ട് കെട്ടിയാടുന്നത്. ബപ്പിരിയൻ തെയ്യത്തിന്റെ ഐതിഹ്യവും നൂറ്റാണ്ടുകളായി പ്രചരിക്കുന്ന വിശ്വാസ പ്രമാണവും കേരളത്തിലെ പൂർവികരുടെ ഉയർന്ന ആതിഥ്യ മര്യാദകളുടെ വലിയ സൂചകം കൂടിയാണ്. കേരളത്തിന്റെ പഴമയേറിയ ഭൂതകാലത്ത് കടൽ വഴി എത്തിയെന്ന് ഐതിഹ്യ പെരുമയുള്ള മരക്കലത്തമ്മ (ആര്യപ്പൂങ്കനി അടക്കമുള്ള ഭഗവതി തെയ്യങ്ങൾ)യുടെ സഹായിയായി എത്തിയതാണ് ഇസ്ലാം മതവിശ്വാസികളെന്ന് കരുതപ്പെടുന്ന ബപ്പിരിയനും അകമ്പടിക്കാരും. ബപ്പിരിയൻ തെയ്യത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്.

അതിലൊന്ന് മാത്രമാണ് മരക്കത്തല ദേവതമാരുമായി ബന്ധപ്പെട്ടത്. ഇതിന്റെ ഭാഗമായാണ് ആര്യപ്പൂങ്കന്നി തെയ്യക്കോലത്തിന് മുന്നോടിയായും വലിയ തമ്പുരാട്ടി തെയ്യത്തിന് ശേഷവും ചിറക്കുറ്റി പുതിയ കാവിലടക്കം മറ്റു ചില ക്ഷേത്രാങ്കണങ്ങളിൽ ബപ്പിരിയനും കെട്ടിയാടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177463/bappiriyan-and-poratt)