---
title: "#delhi | മഹുവ മൊയ്ത്ര ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു"
english_title: "mahuva moitra delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177925/mahuva-moitra-delhi"
published_at: "2024-01-19T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa1542a09dd_WhatsApp_Image_2024-01-17_at_11.56.21_AM.jpeg"
keywords: []
---

# #delhi | മഹുവ മൊയ്ത്ര ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു

> **Lead Summary:** **ഡല്‍ഹി:** മഹുവ മൊയ്ത്ര ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ലോക്സഭാ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ഔദ്യോഗിക വസതി ഒഴിയാന്‍ എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. ചൊവ്വാഴ്ചയായിരുന്നു വസതി ഒഴിയാനുളള അവസാന തീയതി. ഈ നോട്ടീസിനെതിരെ മഹുവ മൊയ്ത്ര സമര്‍പ്പിച്ച ഹർജി ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.

## Article Content

**ഡല്‍ഹി:** മഹുവ മൊയ്ത്ര ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ലോക്സഭാ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ഔദ്യോഗിക വസതി ഒഴിയാന്‍ എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. ചൊവ്വാഴ്ചയായിരുന്നു വസതി ഒഴിയാനുളള അവസാന തീയതി. ഈ നോട്ടീസിനെതിരെ മഹുവ മൊയ്ത്ര സമര്‍പ്പിച്ച ഹർജി ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.

പാർലമെന്റ് അം​ഗത്വം റദ്ദാക്കിയതിനെ തുടർന്ന് ജനുവരി ഏഴിനകം വസതി ഒഴിയണമെന്ന് മുന്‍പ് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ മഹുവ മൊയ്ത്ര ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് സർക്കാർ വസതിയിൽ താമസിക്കാനുള്ള അനുമതിക്കായി ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനെ സമീപിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ചട്ടങ്ങൾ അനുസരിച്ച് ഒരു താമസക്കാരനെ ആറ് മാസം വരെ താമസിക്കാൻ അധികാരികൾക്ക് അനുവദിക്കാമെന്ന് കോടതി നിരീക്ഷിച്ചു.

എന്നിരുന്നാലും തീരുമാനം എസ്റ്റേറ്റ് ഡയറക്ടറേറ്റിന് എടുക്കാം എന്നായിരുന്നു അന്ന് കോടതി പറഞ്ഞത്. എസ്റ്റേറ്റ് ഡയറക്ടറേറ്റ് ഈ മാസം രണ്ട് ഒഴിപ്പിക്കൽ നോട്ടീസ് മഹുവ മൊയ്ത്രയ്ക്ക് അയച്ചിരുന്നു.പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് മഹുവയുടെ പാർലമെന്റ് അം​ഗത്വം റദ്ദാക്കിയത്.

പാർലമെന്ററി ലോഗിൻ വിവരങ്ങൾ വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി പങ്കുവെച്ചതിന് എത്തിക്‌സ് പാനൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഡിസംബർ എട്ടിനാണ് മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്. ലോക്‌സഭയിൽ ഹിരാനന്ദാനിക്ക് വേണ്ടി ചോദ്യങ്ങൾ ചോദിച്ചതിന് പ്രതിഫലമായി കൈക്കൂലി വാങ്ങിയെന്ന് കാണിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ മൊയ്‌ത്രയ്‌ക്കെതിരെ പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177925/mahuva-moitra-delhi)