---
title: "രാജ്യത്ത് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് അനുമതി"
english_title: "Vaccine for children"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17800/vaccine-for-children"
published_at: "2021-12-26T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c7c8d5283be_images - 2021-12-26T071326.056.jpeg"
keywords: []
---

# രാജ്യത്ത് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് അനുമതി

> **Lead Summary:** ന്യൂഡെല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് അനുമതിയായെന്നു പ്രധാനമന്ത്രി.ജനുവരി മൂന്ന് മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാം. 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാവുക. ജനുവരി 10 മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

## Article Content

ന്യൂഡെല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് അനുമതിയായെന്നു പ്രധാനമന്ത്രി.ജനുവരി മൂന്ന് മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാം. 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാവുക. ജനുവരി 10 മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുകയാണ്. എങ്കിലും ഭയം വേണ്ട, കരുതലും ജാഗ്രതയും വര്‍ധിപ്പിച്ചാല്‍ മതി. രോഗത്തിന്റെ തീവ്രാവസ്ഥ നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

18 ലക്ഷം ഐസൊലേഷന്‍ ബെഡുകളുണ്ട്. 90 ലക്ഷം ഐസിയു, നോണ്‍ ഐസിയു ബെഡുകള്‍ ലഭ്യമാണ്. എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിനു മരുന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത പര്യാപ്തമാണ്, നാലു ലക്ഷം സിലിന്‍ഡെറുകള്‍ വിതരണം ചെയ്തു. വാക്‌സിന്‍ ലഭ്യതയും വിതരണവും ഉറപ്പുവരുത്താന്‍ സദാസമയവും പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാക്‌സിനേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കണം. തദ്ദേശീയമായി വികസിപ്പിച്ച നേസല്‍ വാക്‌സിനും ഡിഎന്‍എ വാക്‌സിനും വൈകാതെ ലഭ്യമാകും. ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശും ഗോവയും ഒന്നാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണെന്നും കേന്ദ്രനിര്‍ദേശം നടപ്പാക്കാന്‍ കേരളം സജ്ജമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17800/vaccine-for-children)