---
title: "എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും സംഘര്‍ഷം"
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178220/kochi"
published_at: "2024-01-20T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab8293c450e_download_(2)_(18).jpeg"
keywords: []
---

# എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും സംഘര്‍ഷം

> **Lead Summary:** കൊച്ചി :വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ച എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും സംഘര്‍ഷം. വ്യാഴാഴ്ച രാത്രി ഒരു കൂട്ടം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് ഹോസ്റ്റലിലെത്തി മുറി കുത്തിത്തുറന്ന് സര്‍ട്ടിഫിക്കറ്റുകള്‍ തീയിട്ട് നശിപ്പിച്ചതായി കെഎസ്‌യു ആരോപിച്ചു.

## Article Content

കൊച്ചി :വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ച എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും സംഘര്‍ഷം. വ്യാഴാഴ്ച രാത്രി ഒരു കൂട്ടം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് ഹോസ്റ്റലിലെത്തി മുറി കുത്തിത്തുറന്ന് സര്‍ട്ടിഫിക്കറ്റുകള്‍ തീയിട്ട് നശിപ്പിച്ചതായി കെഎസ്‌യു ആരോപിച്ചു.

സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ വാര്‍ഡന്‍, എറണാകുളം സെന്‍ട്രല്‍ പോലീസ് എന്നിവര്‍ക്ക് കെഎസ്‌യു പരാതി നല്‍കി. രാത്രി വൈകിയും പരാതിയില്‍ കേസെടുത്തില്ല. അതേസമയം മുറിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും തീയിട്ടുവെന്നത് വ്യാജ ആരോപണമാണെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കി. വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ എസ്‌എഫ്‌ഐ നേതാവിന് വെട്ടേറ്റ സംഭവത്തിലുള്ള തിരിച്ചടിയാണിതെന്നാണ് കരുതുന്നത്.

18ന് രാത്രിയോടെയായിരുന്നു സംഭവം. മഹാരാജാസ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് നിസാറിന്‍റെ മുറി കുത്തിത്തുറന്നാണ് തീയിട്ടത്. നിസാറിനൊപ്പം മുറിയില്‍ താമസിച്ചിരുന്ന കെഎസ്‌യു യൂണിറ്റ് ഭാരവാഹികൂടിയായ ജുനൈസിന്‍റെ സര്‍ട്ടിഫിക്കറ്റുകളാണ് നശിപ്പിക്കപ്പെട്ടത്. കായിക താരമായ ജുനൈസിന്‍റെ ഇന്‍റര്‍ കോളജ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകളും, ഖോഖോ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തതിന് ലഭിച്ച സര്‍ട്ടിഫിക്കറ്റും തീയിട്ട് നശിപ്പിച്ചവയിലുണ്ടെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ കെഎസ്‌യു പ്രവര്‍ത്തകനും ഒന്നാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥിയുമായ അമല്‍ ടോമിക്ക് വെട്ടേറ്റതായി കെഎസ്‌യു അറിയിച്ചു. മഹാരാജാസ് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ള എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ് അമലിനെ ആക്രമിച്ചതെന്നാണ് കെഎസ്‌യുവിന്‍റെ ആരോപണം. പരിക്കേറ്റ അമല്‍ ടോമി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിന് കുത്തേറ്റ കേസിലെ ഏഴാം പ്രതിയാണ് അമല്‍. ആക്രമണത്തില്‍ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ അബ്ദുള്‍ നാസറിനെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റി. 11 പ്രതികള്‍ ഒളിവില്‍ എസ്‌എഫ്‌ഐ മഹാരാജാസ് യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിന് വെട്ടേറ്റ കേസിലെ 11 പ്രതികള്‍ ഒളിവില്‍.

ആശുപത്രിയില്‍ ചികിത്സതേടിയ രണ്ട് പ്രതികള്‍ നീരീക്ഷണത്തിലുണ്ട്. ഇവര്‍ ആശുപത്രി വിട്ടാലുടന്‍ അറസ്റ്റ് ചെയ്യും. വനിതാ നേതാക്കളടക്കം കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 14 പേരും കണ്ടാല്‍ അറിയാവുന്ന മഹാരാജാസിലെ അഞ്ച് വിദ്യാര്‍ഥികളുമാണ് പ്രതികള്‍. അറസ്റ്റിലായ എട്ടാം പ്രതിയും കോളജിലെ മൂന്നാം വര്‍ഷ എന്‍വയോണ്‍മെന്‍റല്‍ കെമിസ്ട്രി വിദ്യാര്‍ഥിയുമായ ഇജിലാലിനെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തു. ഫ്രറ്റേണിറ്റി കമ്മീഷണര്‍ക്ക് പരാതി നല്‍കി.

മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് പ്രവര്‍ത്തകന്‍ ബിലാല്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എസ്‌എഫ്‌ഐ നേതാവിന് വെട്ടേറ്റ സംഭവത്തില്‍ പ്രതിയാണ് ബിലാല്‍. സംഭവദിവസം തനിക്ക് നേരെയാണ് എസ്‌എഫ്‌ഐയുടെ ആക്രമണം ഉണ്ടായതെന്ന് ബിലാല്‍ പറയുന്നു. തനിക്കെതിരെ ആശുപത്രിയിലും ആംബുലൻസിലും കത്തി അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തിയിട്ടും ദുര്‍ബല വകുപ്പുകളാണ് പോലീസ് ഇതില്‍ ചുമത്തിയിരിക്കുന്നത് മുമ്പ് പല കേസുകളിലും പോലീസ് ഇതേസമീപനമാണ് സ്വീകരിക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി.

എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയിയെ സ്ഥലം മാറ്റി. പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേയ്ക്കാണ് സ്ഥലം മാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ പരമാര്‍ശത്തിലെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178220/kochi)