---
title: "അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് നടക്കും"
english_title: "Ayodhya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178554/ayodhya"
published_at: "2024-01-22T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65add274b6c08_Screenshot_20240122-075405_Samsung_Internet.jpg"
keywords: []
---

# അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് നടക്കും

> **Lead Summary:** **അയോദ്ധ്യ**: ഭക്തരുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് നടക്കും. 11.30നാണ്‌ താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ തുടങ്ങുന്നത്. 12.20ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ഉച്ചയ്‌ക്ക് ഒരു മണിക്ക് അവസാനിക്കും. കൃഷ്ണശിലയിൽ കൊത്തിയെടുത്ത ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ.

## Article Content

**അയോദ്ധ്യ**: ഭക്തരുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് നടക്കും. 11.30നാണ്‌ താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ തുടങ്ങുന്നത്. 12.20ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ഉച്ചയ്‌ക്ക് ഒരു മണിക്ക് അവസാനിക്കും. കൃഷ്ണശിലയിൽ കൊത്തിയെടുത്ത ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ.

അഞ്ച് വയസ് പ്രായമുള്ള രൂപമാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിലേക്ക് ക്ഷണിക്കപ്പെട്ട എണ്ണായിരത്തോളം അതിഥികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ചടങ്ങിലേക്കുള്ള ക്ഷണിതാക്കൾ ഇന്നലെ മുതൽ അയോദ്ധ്യയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. 10.25ഓടെ അയോദ്ധ്യയിലെ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 10.55ഓടെയാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് പരിശോധന. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ക്യാമറകളും പരിസരത്തെല്ലാം സ്ഥാപിച്ചിട്ടുണ്ട്.

സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്, സിആർപിഎഫ്, തീവ്രവാദ വിരുദ്ധ സേന, സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ്, പാരാ കമാൻഡോകൾ തുടങ്ങിയ വിവിധ ഏജൻസികളാണ് അയോദ്ധ്യയിൽ സുരക്ഷ ഒരുക്കുന്നത്. യുപി സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്സിലെ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ തുടങ്ങിയവരും ഇവിടെ നിലയുറപ്പിക്കും. എസ്ഡിആർഎഫ് സംഘങ്ങളെ സരയൂ നദിയിൽ ബോട്ട് പട്രോളിങ് നടത്താനായി വിന്യസിച്ചിട്ടുണ്ട്. ചടങ്ങുകൾ പൂർത്തിയായ ശേഷം നാളെ മുതൽ ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178554/ayodhya)