---
title: "കൂട്ടുപുഴ അതിർത്തിയിൽ പോലീസ് എയ്ഡ്പോസ്റ്റിന് തറക്കല്ലിട്ടു"
english_title: "Aidpost "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178961/aidpost"
published_at: "2024-01-23T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afcccf6e53d_PicsArt_01-23-07.54.55.jpg"
keywords: []
---

# കൂട്ടുപുഴ അതിർത്തിയിൽ പോലീസ് എയ്ഡ്പോസ്റ്റിന് തറക്കല്ലിട്ടു

> **Lead Summary:** **ഇരിട്ടി: **സംസ്ഥാനതിർത്തിയിലെ കൂട്ടുപുഴയിൽ പോലീസ് സേനക്ക് പുതിയ എയ്ഡ് പോസ്റ്റ് കെട്ടിടം രണ്ട് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാകും. കർണ്ണാടകയുമായി അതിർത്തി പങ്കിടുന്നതും കുടകിലേക്കുള്ള പ്രവേശന കവാടം എന്ന നിലയിലും കൂട്ടുപുഴയിൽ പോലീസിന്റെ സ്ഥിര സാന്നിധ്യം ഏറെ പ്രാധാന്ന്യം അർഹിക്കുന്നതാണ്. വർഷങ്ങളായി പ്രവർത്തിക്കുന്ന താത്കാലിക എയിഡ് പോസ്റ്റിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

## Article Content

**ഇരിട്ടി: **സംസ്ഥാനതിർത്തിയിലെ കൂട്ടുപുഴയിൽ പോലീസ് സേനക്ക് പുതിയ എയ്ഡ് പോസ്റ്റ് കെട്ടിടം രണ്ട് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാകും. കർണ്ണാടകയുമായി അതിർത്തി പങ്കിടുന്നതും കുടകിലേക്കുള്ള പ്രവേശന കവാടം എന്ന നിലയിലും കൂട്ടുപുഴയിൽ പോലീസിന്റെ സ്ഥിര സാന്നിധ്യം ഏറെ പ്രാധാന്ന്യം അർഹിക്കുന്നതാണ്. വർഷങ്ങളായി പ്രവർത്തിക്കുന്ന താത്കാലിക എയിഡ് പോസ്റ്റിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

കോവിഡ് നിയന്ത്രണ കാലത്താണ് അതിർത്തിയിൽ പോലീസിന്റെ പരിശോധന സ്ഥിരമാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയശേഷവും പോലീസിന്റെ സാന്നിധ്യം നിലനിർത്തി. പക്ഷെ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതെ റോഡ് അരികിൽവെച്ചും പോലീസ് വാഹനത്തിൽവെച്ചുമൊക്കെയായിരുന്നു പരിശോധന. വെയിലും മഴയും ഏറ്റുള്ള പോലീസിന്റെ പരിശോധന വിമർശനങ്ങൾക്കിടയാക്കി. കൂട്ടുപുഴയിൽ പുതിയ പാലം കൂടി യാഥാർത്ഥ്യമായതോടെ പോലീസിന്റെ സേവനം അതിർത്തിയിൽ ഒഴിച്ചുകൂടാൻ ആകാത്ത നിലയിലേക്കും എത്തി.

സണ്ണിജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2019-ൽതന്നെ പോലീസ് എയിഡ് പോസ്റ്റിനായി പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്ഥലം വിട്ടുകിട്ടുന്നതിലെ അനിശ്ചിതത്വമായിരുന്നു നിർമ്മാണത്തെ ബാധിച്ചത്.

 എയിഡ്‌പോസ്റ്റിന്റെ ശിലാസ്ഥാപനം സണ്ണിജോസഫ് എം.എൽ.എ നിർവ്വഹിച്ചു. ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി. വി. രമേശൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ബ്ലോക്ക് അംഗം മേരി റെജി, വാർഡ് അംഗം അനിൽ എം. കൃഷ്ണൻ, കേരളാ പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ സെക്രട്ടറി കെ. പ്രിയേഷ്, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കെ.പി. അനീഷ്, ഇരിട്ടി സി.ഐ കെ.ജെ. ബിനോയി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178961/aidpost)