---
title: "#mattannur | കരിത്തൂർപറമ്പിലെ മാലിന്യ സംസ്കരണ കേന്ദ്രം ലോകബാങ്ക് - സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ഉദ്യോഗസ്ഥർ സന്ദർശിച്ചു"
english_title: "Garbage Treatment Plant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179376/garbage-treatment-plant"
published_at: "2024-01-25T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b21145f0362_WhatsApp_Image_2024-01-25_at_11.57.52_AM.jpeg"
keywords: []
---

# #mattannur | കരിത്തൂർപറമ്പിലെ മാലിന്യ സംസ്കരണ കേന്ദ്രം ലോകബാങ്ക് - സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ഉദ്യോഗസ്ഥർ സന്ദർശിച്ചു

> **Lead Summary:** **മട്ടന്നൂർ:** നഗരസഭയുടെ പൊറോറ കരിത്തൂർപറമ്പിലെ മാലിന്യസംസ്കരണ കേന്ദ്രം ലോകബാങ്ക് പ്രതിനിധികളും കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി ഉദ്യോഗസ്ഥരും സന്ദർശിച്ചു. മാലിന്യം തരം തിരിക്കുന്നതും സംസ്കരിച്ച്‌ വളമാക്കി മാറ്റുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ സംഘം കണ്ട്‌ മനസ്സിലാക്കി. ബുധനാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥർ പൊറോറയിലെത്തിയത്.

## Article Content

**മട്ടന്നൂർ:** നഗരസഭയുടെ പൊറോറ കരിത്തൂർപറമ്പിലെ മാലിന്യസംസ്കരണ കേന്ദ്രം ലോകബാങ്ക് പ്രതിനിധികളും കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി ഉദ്യോഗസ്ഥരും സന്ദർശിച്ചു. മാലിന്യം തരം തിരിക്കുന്നതും സംസ്കരിച്ച്‌ വളമാക്കി മാറ്റുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ സംഘം കണ്ട്‌ മനസ്സിലാക്കി. ബുധനാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥർ പൊറോറയിലെത്തിയത്.

നഗരസഭയിൽ കെ.എസ്.ഡബ്ല്യു.എം.പി. പദ്ധതി വഴി 7.9 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 3.16 കോടി രൂപ നൽകും. മികച്ച രീതിയിൽ മാലിന്യസംസ്കരണം നടപ്പാക്കിയാൽ അധികസഹായവും ലഭ്യമാകും. മികച്ച പ്രവർത്തനം ഉറപ്പാക്കി കൂടുതൽ സഹായം ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് പറഞ്ഞു. 

കരിത്തൂർപറമ്പിലെ മാലിന്യസംസ്കരണ കേന്ദ്രം വിനോദസഞ്ചാര മേഖലയാക്കി മാറ്റുന്നതിനും പദ്ധതി തയ്യാറാക്കുന്നുണ്ട്. കുട്ടികളുടെ പാർക്ക്, ഫുഡ് കോർട്ട്, വ്യൂ പോയിന്റ്, ഇവിടത്തെ കുളത്തിൽ ദീപാലങ്കാരം എന്നിവയാണ് ഒരുക്കുന്നത്. ഒപ്പം മാലിന്യസംസ്കരണ കേന്ദ്രത്തിലെ യന്ത്രസാമഗ്രികളുടെ നവീകരണവും നടത്തും.

സൗത്ത് ഏഷ്യ റീജണൽ സേഫ്ഗാർഡ്സ് കോ- ഓർഡിനേറ്റർ ജോസഫോ ടുയോർ, സൗത്ത് ഏഷ്യ സീനിയർ ഒ.എച്ച്.എസ്. കോ-ഓർഡിനേറ്റർ നടാസ വേട്ട്മ, ഇന്ത്യ സേഫ്ഗാർഡ് കോ-ഓർഡിനേറ്റർ നേഹ വ്യാസ്, സീനിയർ ഇക്കോ കൺസൾട്ടന്റ് ദീപ ബാലകൃഷ്ണൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. നഗരസഭ ചെയർമാൻ എൻ.ഷാജിത്ത്, സ്ഥിരം സമിതി ചെയർമാൻമാരായ കെ.മജീദ്, വി.കെ. സുഗതൻ, സെക്രട്ടറി എസ്. വിനോദ്കുമാർ, ക്ലീൻ സിറ്റി മാനേജർ കെ.കെ. കുഞ്ഞിരാമൻ, സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ റഫീഖ് കോളാരി, പ്രസാദ്, ജൂലി ഓഗസ്റ്റിൻ, പ്രീത തുടങ്ങിയവർ ചേർന്ന്‌ സംഘത്തെ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179376/garbage-treatment-plant)