---
title: "#kannur | ഒരു കിലോമീറ്റര്‍ കടലിലൂടെ നടക്കാം; ചെന്നെത്തുന്നത് കണ്ണൂരിന്റെ ഈ മരതക ദ്വീപില്‍"
english_title: "emerald island of Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179443/emerald-island-of-kannur"
published_at: "2024-01-25T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b24075c987d_Screenshot_2024-01-25-16-26-13-00_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #kannur | ഒരു കിലോമീറ്റര്‍ കടലിലൂടെ നടക്കാം; ചെന്നെത്തുന്നത് കണ്ണൂരിന്റെ ഈ മരതക ദ്വീപില്‍

> **Lead Summary:** **കണ്ണൂർ: **ആർത്തലച്ചുവരുന്ന തിരമാലകൾ ഒരുനിമിഷം ഒന്ന് വഴിമാറിത്തന്നാലോ, കാലിൽ കടൽ വെള്ളം വന്ന് കൊലുസിട്ടാലോ, കടലിലൂടെ നടന്ന് കാഴ്ചകളുടെ മാന്ത്രിക ദ്വീപിലേക്ക് പോയാലോ? കേൾക്കുമ്പോൾ ഒരുഫാൻ്റസി കഥ പോലെ തോന്നുമെങ്കിലും കണ്ണൂർ ജില്ലയിലെ ധർമ്മടം തുരുത്തിലെത്തിയവരെല്ലാം ഇത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കടലിൻ്റെ ഹൃദയത്തിലെ മരതക ദ്വീപാണ് ധർമ്മടം തുരുത്ത്. അറബിക്കടലിൻറെ വിരിമാറിൽ കരയിൽ നിന്ന് വിളിപ്പാടകലെ കടലിന്റെ നെഞ്ചിൽ മയങ്ങുന്ന പ്രകൃതിയുടെ മായാജാലവിരുത്.

## Article Content

**കണ്ണൂർ: **ആർത്തലച്ചുവരുന്ന തിരമാലകൾ ഒരുനിമിഷം ഒന്ന് വഴിമാറിത്തന്നാലോ, കാലിൽ കടൽ വെള്ളം വന്ന് കൊലുസിട്ടാലോ, കടലിലൂടെ നടന്ന് കാഴ്ചകളുടെ മാന്ത്രിക ദ്വീപിലേക്ക് പോയാലോ? കേൾക്കുമ്പോൾ ഒരുഫാൻ്റസി കഥ പോലെ തോന്നുമെങ്കിലും കണ്ണൂർ ജില്ലയിലെ ധർമ്മടം തുരുത്തിലെത്തിയവരെല്ലാം ഇത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കടലിൻ്റെ ഹൃദയത്തിലെ മരതക ദ്വീപാണ് ധർമ്മടം തുരുത്ത്. അറബിക്കടലിൻറെ വിരിമാറിൽ കരയിൽ നിന്ന് വിളിപ്പാടകലെ കടലിന്റെ നെഞ്ചിൽ മയങ്ങുന്ന പ്രകൃതിയുടെ മായാജാലവിരുത്.

കണ്ണൂർ തലശ്ശേരിക്കടുത്ത ധർമ്മടത്ത് നാലു ഭാഗവും അറബിക്കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ആറ് ഏക്കർ വരുന്ന കൊച്ചു ദീപാണ് ധർമ്മടം തുരുത്ത്. തെങ്ങുകളും ഇടതിങ്ങിയ ചെടികളും നിറഞ്ഞ ഈ ദ്വീപ് അപൂർവ്വ ഇനം സസ്യങ്ങളുടെ കലവറ കൂടിയാണ്. കടലിലൂടെ നടന്ന് തുരുത്തിലേക്ക് പോകാം എന്നതാണ് ഇവിടത്തെ പ്രധാന ആകർഷണം. സ്വകാര്യ ദ്വീപായിരുന്നു ഇവിടം 1998 ലാണ് കേരള സർക്കാർ ഏറ്റെടുക്കുന്നതും ടൂറിസം പദ്ധതിയുടെ ഭാഗമാക്കുന്നതും. അതോടെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി.

കേക്കിന്റെ ക്രിക്കറ്റിൻ്റെയും സർക്കസിൻ്റെ നഗരം, രുചിപ്പെരുമയുടെയും ചരിത്രപ്പെരുമയുടെയും ഈറ്റില്ലമായ തലശ്ശേരിയിൽ നിന്ന് വിളിപ്പാടകലെയാണ് ധർമ്മടം തുരുത്ത് സ്ഥിതിചെയ്യുന്നത്. തലശ്ശേരിയിൽ ഇറങ്ങിയിൽ ദേശീയപാത 66 വഴി കണ്ണൂരിലേക്ക് ഏത് ബസ് കയറിയാലും ധർമ്മടത്ത് ഇറങ്ങാം. അവിടെ നിന്ന് ധർമ്മടം ബീച്ച് റോഡിലേക്ക് തിരിഞ്ഞ് അൽപം സഞ്ചാരിച്ചാൽ പഞ്ചാരമണൽ കഥ പറയുന്ന അറബിക്കടലിൻ്റെ തീരം മാടിവിളിച്ച് തുടങ്ങി.

സഞ്ചാരികളെ ആകർഷിക്കാനായി ബീച്ചിൻ്റെ പ്രവേശന ഭാഗത്ത് ബീച്ച് പാർക്ക് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാനും സഞ്ചാരികൾക്ക് വിശ്രമിച്ച് കടൽ കാഴ്ചകൾ നുകരാനുമൊക്കെയുള്ള സൗകര്യം ഇവിടെയുണ്ട്. പാർക്ക് കടന്നാൽ നേരെ ധർമടം ബീച്ചിലേക്ക് പ്രവേശിക്കാം. ബീച്ചിൽ നിന്ന് കടലിൽ തലയുയർത്തി നിൽക്കുന്ന ആ ഒറ്റയാൻ തുരുത്തിനെ കാണാം.

കടലിലൂടെ ഏത് സമയത്തും നടന്ന് ധർമടം തുരുത്ത് കണ്ട് വരാം എന്നാരും തെറ്റിദ്ധരിക്കരുത്. അങ്ങനെ വിചാരിച്ച് കടലിലിറങ്ങിയാൽ കാരാക്കാണക്കടൽ നമ്മുടെ ജീവനും കൊണ്ട് അങ്ങ് പോകും. ഓരോ ദിവസത്തെയും വേലിയിറക്ക സമയത്താണ് കടലിലൂടെ നടന്നാൽ ധർമ്മടം തുരുത്തിലേക്ക് പോകാനാകുക. ഈ സമയത്ത് തിരമാലകളുടെ ശക്തികുറയുകയും കടൽവെള്ളം ഉൾവലിയുകയും ചെയ്യും.

ഓരോ ദിവസത്തെയും വേലിയേറ്റ-വേലിയിറക്ക സമയങ്ങൾ കൃത്യമായി അന്വേഷിച്ച് വേണം തുരുത്തിലേക്കുള്ള യാത്ര പ്ലാൻ ചെയ്യാൻ എന്ന് സാരം. തുരുത്തിലേക്ക് കൂടെ വരാനും അവിടത്തെ കാര്യങ്ങൾ വിശദീകരിക്കാനും പ്രദേശവാസികൾ തന്നെ സഹായത്തിനായി എത്തും. ഇവരെ ആശ്രയിക്കുന്നത് സുരക്ഷിതമായി തുരുത്ത് സന്ദർശിച്ച് തിരിച്ചെത്താൻ ഏറെ ഉപകാരപ്പെടും. വേലിയിറക്ക സമയമെല്ലങ്കിൽ തുരുത്തിലേക്ക് പോകാൻ വള്ളങ്ങളെയും ബോട്ടുകളെയും ആശ്രയിക്കുന്നതാണ് സുരക്ഷിതം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179443/emerald-island-of-kannur)