---
title: "#BJP | കോഴിക്കോട്ട് പി.ടി. ഉഷ, പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്‍, സന്നദ്ധയായാൽ ചിത്രയും; പ്രമുഖരെ പരിഗണിച്ച് ബി.ജെ.പി"
english_title: "Considering the prominent people,  BJP"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179616/considering-the-prominent-people-bjp"
published_at: "2024-01-26T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b34b63607ee_Screenshot_2024-01-26-11-26-21-83_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #BJP | കോഴിക്കോട്ട് പി.ടി. ഉഷ, പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്‍, സന്നദ്ധയായാൽ ചിത്രയും; പ്രമുഖരെ പരിഗണിച്ച് ബി.ജെ.പി

> **Lead Summary:** **കോഴിക്കോട്:** ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേതാക്കൾക്കൊപ്പം വിവിധ മേഖലകളിലെ പ്രമുഖരെയും ബി.ജെ.പി. കളത്തിലിറക്കും. സംഘപരിവാർ വോട്ടുകൾക്കപ്പുറം വോട്ടർമാരെ ആകർഷിക്കാൻ ശേഷിയുള്ളവരെ സ്ഥാനാർഥികളാക്കാനാണ് ശ്രമം. പകുതി മണ്ഡലങ്ങളിലെങ്കിലും പാർട്ടി പ്രതിച്ഛായയില്ലാത്തവരെ കണ്ടെത്താനാണ് ആലോചന. തൃശ്ശൂരിൽ നടൻ സുരേഷ് ഗോപി വലിയ സ്വീകാര്യത നേടിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം.

## Article Content

**കോഴിക്കോട്:** ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേതാക്കൾക്കൊപ്പം വിവിധ മേഖലകളിലെ പ്രമുഖരെയും ബി.ജെ.പി. കളത്തിലിറക്കും. സംഘപരിവാർ വോട്ടുകൾക്കപ്പുറം വോട്ടർമാരെ ആകർഷിക്കാൻ ശേഷിയുള്ളവരെ സ്ഥാനാർഥികളാക്കാനാണ് ശ്രമം. പകുതി മണ്ഡലങ്ങളിലെങ്കിലും പാർട്ടി പ്രതിച്ഛായയില്ലാത്തവരെ കണ്ടെത്താനാണ് ആലോചന. തൃശ്ശൂരിൽ നടൻ സുരേഷ് ഗോപി വലിയ സ്വീകാര്യത നേടിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം.

രാജ്യസഭാംഗം കൂടിയായ ഒളിമ്പ്യൻ പി.ടി. ഉഷയാണ് പരിഗണിക്കുന്നവരിൽ പ്രധാനി. ദേശീയ നേതൃത്വവും ഉഷയും സമ്മതം മൂളിയാൽ കോഴിക്കോട്ടാവും അവർ മത്സരിക്കുക. ജില്ലയുടെ പ്രഭാരി ചുമതലയുള്ള ശോഭാ സുരേന്ദ്രനെയാണ് ഇവിടെ പരിഗണിച്ചിരുന്നത്. ഉഷ സ്ഥാനാർഥിയായെത്തിയാൽ പാർട്ടിക്കപ്പുറത്തുനിന്ന് വോട്ട് ആകർഷിക്കാനാവുമെന്നാണ് വിലയിരുത്തൽ. ഉഷയില്ലെങ്കിൽ പരിഗണിക്കുന്നവരിൽ പി.കെ. കൃഷ്‌ണദാസ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുണ്ട്. പത്തനംതിട്ടയിൽ ഉണ്ണി മുകുന്ദൻ്റെ പേരും ആലോചിക്കുന്നു. കുമ്മനം രാജശേഖരൻ, പി.സി. ജോർജ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഗായിക കെ.എസ്. ചിത്ര സന്നദ്ധയായാൽ തിരുവനന്തപുരത്ത് പരിഗണിക്കാമെന്ന ആഗ്രഹം ചില നേതാക്കൾക്കുണ്ട്.

പദ്‌മ പുരസ്ക‌ാരം നേടിയവരുൾപ്പെടെയുള്ള വിവിധ മേഖലകളിൽ ശ്രദ്ധേയരായവരെ പാർട്ടിനേതൃത്വം ബന്ധപ്പെടുന്നതായാണ് വിവരം. ക്രിസ്ത്യൻ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സഭയ്ക്കുകൂടി സ്വീകാര്യരായവരെ കണ്ടെത്താനാണ് ശ്രമം.

ദേശീയ നേതൃത്വം നടത്തിയ സർവേയിൽ കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ സ്വീകാര്യതയുണ്ടെന്ന് കണ്ടെത്തിയതായി ബി.ജെ.പി. നേതാക്കൾ പറയുന്നു. 30 ശതമാനം വോട്ടാണ് കേരളത്തിൽ പാർട്ടി ലക്ഷ്യമിടുന്നത്. അയോധ്യാ വിഷയത്തിൽ കേരളത്തിൽ നേരത്തേയുണ്ടായിരുന്ന എതിർപ്പ്, ശ്രീരാമക്ഷേത്രം നിർമാണം പൂർത്തിയായപ്പോൾ ഇല്ലാതായെന്നാണ് പാർട്ടി വിലയിരുത്തൽ.

കെ. സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എ. പദയാത്രയോടെ സംസ്ഥാനത്ത് ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അടുത്തഘട്ടത്തിലേക്കുകടക്കും. കേന്ദ്രമന്ത്രിമാരും ദേശീയനേതാക്കളും എല്ലാ മണ്ഡലത്തിലുമെത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179616/considering-the-prominent-people-bjp)