---
title: "സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥി വീണുമരിച്ച സംഭവം: പ്രിൻസിപ്പലിനെതിരെ കേസ്"
english_title: "Police case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179738/police-case"
published_at: "2024-01-26T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3b17dc9565_n57774062817062750636010159eae10c2ce2de34a21cd1d53793852b2197086788f34d6003c97fff3265af.jpg"
keywords: []
---

# സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥി വീണുമരിച്ച സംഭവം: പ്രിൻസിപ്പലിനെതിരെ കേസ്

> **Lead Summary:** **ബംഗളൂരു:** സ്കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് നാലുവയസുകാരി വീണ് മരിച്ച സംഭവത്തില്‍ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. കോട്ടയം മണിമല സ്വദേശി ജിന്‍റോ ടോമി ജോസഫിന്‍റെ മകള്‍ ജിയന്ന ആന്‍ ജിജോ കഴിഞ്ഞദിവസം ബംഗളൂരുവിലെ സ്വകാര്യ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണത്. 

## Article Content

**ബംഗളൂരു:** സ്കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് നാലുവയസുകാരി വീണ് മരിച്ച സംഭവത്തില്‍ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. കോട്ടയം മണിമല സ്വദേശി ജിന്‍റോ ടോമി ജോസഫിന്‍റെ മകള്‍ ജിയന്ന ആന്‍ ജിജോ കഴിഞ്ഞദിവസം ബംഗളൂരുവിലെ സ്വകാര്യ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണത്. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. സ്കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച്‌ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളിന്‍റെ പ്രിൻസിപ്പലും കോട്ടയം സ്വദേശിയുമായ തോമസ് ചെറിയാൻ കണ്ടാല്‍ അറിയുന്ന മറ്റൊരു ജീവനക്കാരന്‍ എന്നിവരെ പ്രതിയാക്കി പോലീസ് കേസെടുത്തത്. സംഭവത്തില്‍ രണ്ട് ആയമാരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

സ്കൂള്‍ പ്രിൻസിപ്പല്‍ തോമസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മൊബൈല്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണെന്ന് പോലീസ് പറഞ്ഞു.സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രിൻസിപ്പല്‍ നശിപ്പിച്ചതായി മാതാപിതാക്കള്‍ ആരോപിച്ചു. പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹം ജന്മനാടായ കോട്ടയം മണിമലയിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ നടത്തും. ഒളിവില്‍പോയ പ്രിൻസിപ്പലിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179738/police-case)