---
title: " ഇ.പി.നാരായണൻ പെരുവണ്ണാന് പദ്മശ്രീ തിളക്കം. "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179837/kannur"
published_at: "2024-01-27T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b48d8652b67_Screenshot_20240127-102626_WhatsApp.jpg"
keywords: []
---

#  ഇ.പി.നാരായണൻ പെരുവണ്ണാന് പദ്മശ്രീ തിളക്കം. 

> **Lead Summary:** **കണ്ണൂർ**: അരനൂറ്റാണ്ടിലധികമായി കോലത്തുനാടിന്റെ തെയ്യാട്ടഭൂമികയിൽ നിറസാന്നിധ്യമായ ഇ.പി.നാരായണൻ പെരുവണ്ണാന് പദ്മശ്രീ തിളക്കം. കണ്ണൂർ വളപട്ടണം മുച്ചിലോട്ട് കാവ് ഉത്സവത്തോടനുബന്ധിച്ച് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റത്തിന് നോറ്റു നിന്നപ്പോഴാണ് രാജ്യം പദ്മ പുരസ്കാരം നല്കി ആദരിച്ച വാർത്ത നാരായണനെ തേടിയെത്തിയത്.

## Article Content

**കണ്ണൂർ**: അരനൂറ്റാണ്ടിലധികമായി കോലത്തുനാടിന്റെ തെയ്യാട്ടഭൂമികയിൽ നിറസാന്നിധ്യമായ ഇ.പി.നാരായണൻ പെരുവണ്ണാന് പദ്മശ്രീ തിളക്കം. കണ്ണൂർ വളപട്ടണം മുച്ചിലോട്ട് കാവ് ഉത്സവത്തോടനുബന്ധിച്ച് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റത്തിന് നോറ്റു നിന്നപ്പോഴാണ് രാജ്യം പദ്മ പുരസ്കാരം നല്കി ആദരിച്ച വാർത്ത നാരായണനെ തേടിയെത്തിയത്.

> ജന്മനക്ഷത്രമായ കന്നിമാസത്തിലെ വിശാഖം നാളിൽത്തന്നെ പുരസ്കാരവാർത്ത എത്തിയെന്നുള്ളത് മുച്ചിലോട്ട് ഭഗവതിയുടെ അനുഗ്രഹമെന്ന് അദ്ദേഹം പറയുന്നു. "തെയ്യം കെട്ടുന്നവർക്കെല്ലാം ലഭിക്കുന്ന അംഗീകാരമായാണ് പുരസ്കാരത്തെ കാണുന്നത്. ഗുരുകാരണവന്മാരുടെയും അച്ഛനമ്മമാരുടെയും മുച്ചിലോട്ട് ഭഗവതിയുടെയും അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് ഈ പുരസ്കാരം ലഭിച്ചത്, ഒരുപാട് സന്തോഷം ഇ പി നാരയണൻ പറഞ്ഞു.

കണ്ണൂർ തളിപ്പറമ്പ് തൃച്ചംബരം പാൽക്കുളങ്ങര ഇരട്ടപ്പറമ്പിൽ വീട്ടിൽ നാരായണൻ നാലുവയസ്സുമുതൽ തെയ്യം കെട്ടുന്നുണ്ട്. ആടിവേടൻ കെട്ടിയാടിയാണ് തുടക്കം. പതിമൂന്നാം വയസ്സിൽ വീരൻതെയ്യം കെട്ടിയാടി. പനക്കാട് ഒതേന പെരുവണ്ണാൻ, ചുഴലി ചിണ്ട പെരുവണ്ണാൻ, അഴീക്കോട്‌ കൃഷ്ണൻ പെരുവണ്ണാൻ എന്നിവരാണ് ഗുരുക്കന്മാർ. തെയ്യംരംഗത്തെ സമഗ്ര സംഭാവന മാനിച്ച് 2009-ൽ കേരള ഫോക്‌ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൃഷിവകുപ്പ് മുൻ ഡ്രൈവറാണ്. അച്ഛൻ: പനക്കാട്ട് ഒതേന പെരുവണ്ണാൻ. അമ്മ: മാമ്പയിൽ പാഞ്ചു. ഭാര്യ: പ്രീത. മക്കൾ: നിധീഷ്, നിഖില.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179837/kannur)