---
title: "ചിത്രശലഭ സർവ്വേ 2024 സമാപിച്ചു"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180275/aralam"
published_at: "2024-01-29T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b72065b4ccf_IMG-20240129-WA0012.jpg"
keywords: []
---

# ചിത്രശലഭ സർവ്വേ 2024 സമാപിച്ചു

> **Lead Summary:** **ആറളം**: വൈൽഡ്‌ലൈഫ് റെയ്ഞ്ചിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ വാർഷിക ചിത്രശലഭ സർവ്വേ സമാപിച്ചു. തുടർച്ചയായ 24 മത് ചിത്രശലഭ സർവ്വേയാണ് 2024 ജനുവരി 26, 27, 28 തീയതികളിലായി നടത്തിയത്. 26/01/2024 ന് വൈകിട്ട് ആറളം വന്യജീവി സങ്കേതത്തിൽ വെച്ച് അസി. വൈൽഡ്‌ലൈഫ് വാർഡൻ പി പ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ ചടങ്ങ് വൈൽഡ്‌ലൈഫ് വാർഡൻ ജി പ്രദീപ്‌ ഉത്ഘാടനം ചെയ്തു.

## Article Content

**ആറളം**: വൈൽഡ്‌ലൈഫ് റെയ്ഞ്ചിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ വാർഷിക ചിത്രശലഭ സർവ്വേ സമാപിച്ചു. തുടർച്ചയായ 24 മത് ചിത്രശലഭ സർവ്വേയാണ് 2024 ജനുവരി 26, 27, 28 തീയതികളിലായി നടത്തിയത്. 26/01/2024 ന് വൈകിട്ട് ആറളം വന്യജീവി സങ്കേതത്തിൽ വെച്ച് അസി. വൈൽഡ്‌ലൈഫ് വാർഡൻ പി പ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ ചടങ്ങ് വൈൽഡ്‌ലൈഫ് വാർഡൻ ജി പ്രദീപ്‌ ഉത്ഘാടനം ചെയ്തു.

സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ കെ രാജു സ്വാഗതവും, എം.എ യദുമോൻ നന്ദിയും പറഞ്ഞു. വി.സി ബാലകൃഷ്ണൻ , സമ്മിലൻ ഷെട്ടി എന്നിവർ ആശംസയർപ്പിച്ച്  സംസാരിച്ചു. ശലഭ നിരീക്ഷകരായ പി.കെ ഗിരീഷ് മോഹൻ, വി.സി ബാലകൃഷ്ണൻ, വി.കെ ചന്ദ്രശേഖരൻ എന്നിവർ ചിത്രശലഭ സംബന്ധമായ ക്ലാസ്സുകൾ നൽകി. മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരത്തോടെ നടത്തിയ സർവ്വേയിൽ കേരളത്തിനകത്തും പുറത്തു നിന്നുമായി 60 ഓളം ചിത്രശലഭ നിരീക്ഷകർ പങ്കെടുത്തു.

ഈ വർഷത്തെ സർവ്വേയിൽ പുതിയതായി രണ്ടിനം ശലഭങ്ങളെ കണ്ടെത്തി.  ഇതോടെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ ശലഭങ്ങളുടെ എണ്ണം 266 ആയെന്ന് ആറളം വൈൽഡ്‌ലൈഫ് വാർഡൻ അറിയിച്ചു. അപൂർവ്വ ശലഭങ്ങളായ ഗോമേതകശലഭം എന്നിവയുടെ മുട്ടയിടൽ നിരീക്ഷിച്ചത് സർവ്വേയിലെ പ്രധാന ആകർഷണമായിരുന്നു. ആറളത്തെ സഞ്ചാരികളെ ഏറെയാകർഷിക്കാറുള്ള ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനവും ചെളിയൂറ്റൽ കൂട്ടംചേരലും ഈ സർവ്വേയിൽ പതിവിലും കുറവായിരുന്നു.

ചീങ്കണ്ണിപ്പുഴയോരത്തെ മണൽ തിട്ടകളുടെ ശോഷണം ദേശാടന ശലഭങ്ങൾക്കാവശ്യമായ ലവണങ്ങളുടെ ലഭ്യതയെ ബാധിക്കുന്നതിനെക്കുറിച്ച് സർവ്വേയിൽ പങ്കെടുത്ത ശലഭനിരീക്ഷകർ ആശങ്ക അറിയിച്ചു. ആറളം വൈൽഡ്‌ലൈഫ് വാർഡൻ ജി പ്രദീപ്‌, അസി. വൈൽഡ്‌ലൈഫ് വാർഡൻ പി പ്രസാദ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറെസ്റ്റ് ഓഫീസർ പ്രദീപൻ കാരായി, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർമാരായ കെ രാജു, കെ രമേശൻ, എം മനോജ്‌ ശലഭ നിരീക്ഷകരായ വി.സി ബാലകൃഷ്ണൻ, വി.കെ ചന്ദ്രശേഖരൻ, എം.എ യദുമോൻ തുടങ്ങിയവർ സർവ്വേയ്ക്ക് നേതൃത്വം നൽകി. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ സ്റ്റാഫും വാച്ചർമാരും സർവ്വേയ്ക്ക് വേണ്ട പിന്തുണ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180275/aralam)