---
title: "'ഗണ്‍ മാൻ മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ല'- നിയമസഭയിലും ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി"
english_title: "Chief-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180501/chief-minister"
published_at: "2024-01-29T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7afc689788_n5785117901706536809118b3f9d3e30faab73b4a2e9a0223b1df9fafd200bb6d915f65cfb97d46844e1e5b.jpg"
keywords: []
---

# 'ഗണ്‍ മാൻ മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ല'- നിയമസഭയിലും ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം:** നവകേരള സദസ് യാത്രക്കിടെ ആലപ്പുഴയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഗണ്‍മാൻ മർദ്ദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു ആവർത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് ചോദ്യത്തിനു ഉത്തരമായി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എംഎല്‍എമാരായ ഉമ തോമസ്, കെ ബാബു, ടി സിദ്ദിഖ് എന്നിരുടെ ചോദ്യത്തിനാണ് അദ്ദേഹം രേഖാമൂലം മറുപടി നല്‍കിയത്. 

## Article Content

**തിരുവനന്തപുരം:** നവകേരള സദസ് യാത്രക്കിടെ ആലപ്പുഴയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഗണ്‍മാൻ മർദ്ദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു ആവർത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് ചോദ്യത്തിനു ഉത്തരമായി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എംഎല്‍എമാരായ ഉമ തോമസ്, കെ ബാബു, ടി സിദ്ദിഖ് എന്നിരുടെ ചോദ്യത്തിനാണ് അദ്ദേഹം രേഖാമൂലം മറുപടി നല്‍കിയത്. 

ജനാധിപത്യ സമരങ്ങള്‍ക്കെതിരെ ഒരു പൊലീസ് നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സുരക്ഷ ഉറപ്പാക്കേണ്ടത് പേഴ്സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ചുമതലയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം പ്രതിഷേധക്കാർ തടസപ്പെടുത്തി. വാഹനത്തിനു നേരെ ആക്രമണം സംഘടിപ്പിച്ചു. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ യുവജന സംഘടനകളും സുരക്ഷാ ഉദ്യോഗസ്ഥരും മർദ്ദിച്ചതും വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചു കീറിയെന്ന പരാതിയും ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും മറുപടിയില്‍ വ്യക്തമാക്കി.

സമരം ചെയ്യുന്നവരെ പൊലീസ് അടിക്കുന്നതിനു നിയമപരമായി വ്യവസ്ഥയില്ലെന്നു മറ്റൊരു ചോദ്യത്തിനുള്ള ഉത്തരത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കി.

ഡിസംബർ 15നു നവ കേരള സദസ് ആലപ്പുഴയില്‍ എത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ജനറല്‍ ആശുപത്രി ജങ്ഷനില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് പിടിച്ചു മാറ്റിയെങ്കിലും മന്ത്രി സംഘം സഞ്ചരിച്ച ബസിനു പിന്നാലെ കാറിലെത്തിയ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും ചേർന്നു പ്രതിഷേധിച്ച യുവാക്കളെ പൊതിരെ തല്ലി.

വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. കോടതി നിർദ്ദേശത്തെ തുടർന്നു ഗണ്‍മാൻ അനില്‍ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ എസ് സന്ദീപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. അനില്‍ കുമാർ ഒന്നാം പ്രതിയും സന്ദീപ് രണ്ടാം പ്രതിയുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180501/chief-minister)