---
title: "മാവോയിസ്റ്റുകളെ തേടിപ്പോയ പോലീസുകാര്‍ക്ക് വഴിതെറ്റി; കാട്ടില്‍ കുടുങ്ങിയ സംഘത്തെ രക്ഷപ്പെടുത്തി"
english_title: "Police "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181050/police"
published_at: "2024-01-31T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba5dc7165c2_n5791582821706712347385e89115ff52d0e1e18edb89bbbf6f440c3af2b68054cc60a8a1b1e2bf7f85737b.jpg"
keywords: []
---

# മാവോയിസ്റ്റുകളെ തേടിപ്പോയ പോലീസുകാര്‍ക്ക് വഴിതെറ്റി; കാട്ടില്‍ കുടുങ്ങിയ സംഘത്തെ രക്ഷപ്പെടുത്തി

> **Lead Summary:** **പാലക്കാട്: **ഒരുരാത്രി മുഴുവൻ കാടിനുള്ളില്‍ കുടുങ്ങിയ പോലീസുകാരെ മണിക്കൂറുകള്‍ക്കുശേഷം രക്ഷപ്പെടുത്തി. മാവോയിസ്റ്റുകളെ തെരയുന്നതിനായി കാട്ടിലേക്ക് പോയ പോലീസ് സംഘമാണ് അട്ടപ്പാടി വനത്തിനുള്ളില്‍ വഴിതെറ്റി കുടുങ്ങിയത്. ആന്‍റി നക്സല്‍ സ്ക്വാഡ് അടക്കം 15 അംഗ പോലീസ് സംഘമാണ് കാടിനകത്ത് കുടുങ്ങിയത്.

## Article Content

**പാലക്കാട്: **ഒരുരാത്രി മുഴുവൻ കാടിനുള്ളില്‍ കുടുങ്ങിയ പോലീസുകാരെ മണിക്കൂറുകള്‍ക്കുശേഷം രക്ഷപ്പെടുത്തി. മാവോയിസ്റ്റുകളെ തെരയുന്നതിനായി കാട്ടിലേക്ക് പോയ പോലീസ് സംഘമാണ് അട്ടപ്പാടി വനത്തിനുള്ളില്‍ വഴിതെറ്റി കുടുങ്ങിയത്. ആന്‍റി നക്സല്‍ സ്ക്വാഡ് അടക്കം 15 അംഗ പോലീസ് സംഘമാണ് കാടിനകത്ത് കുടുങ്ങിയത്.

അഗളി ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, പുതൂർ എസ്‌ഐ വി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ റെസ്ക്യൂ ടീമാണ് കണ്ടെത്തിയത്. വനത്തിലെ പരിശോധനയ്ക്കുശേഷം മടങ്ങിയപ്പോള്‍ വഴിതെറ്റിയതാണെന്നും കുത്തനെയുള്ള മലയായിരുന്നുവെന്നും കാട്ടാനയടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നെന്നും ഡിവൈഎസ്പി പറഞ്ഞു.

തെരച്ചില്‍ സംഘത്തിന് വഴി കാണിക്കാൻ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവർ സഹായിച്ചു. കഴിഞ്ഞ രാത്രിതന്നെ വനത്തില്‍ കുടുങ്ങിയ പോലീസുകാരുമായി ഫോണില്‍ ബന്ധപ്പെടാൻ തെരച്ചില്‍ സംഘത്തിന് സാധിച്ചിരുന്നു. ഉള്‍വനത്തിലേക്ക് പോവുന്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണിതെന്നും ആശങ്ക വേണ്ടെന്നും പാലക്കാട് ജില്ല പോലീസ് മേധാവിയും വ്യക്തമാക്കിയിരുന്നു.

അർധരാത്രി 12 ഓടെ സംഘത്തെ കണ്ടെത്താൻ സാധിച്ചെങ്കിലും പോലീസുകാർ തീർത്തും അവശരായിരുന്നു. പിന്നീട് പുലർച്ചെ ആറരയോടെയാണ് സംഘത്തെ സുരക്ഷിതമായി കാടിനു പുറത്തെത്തിച്ചത്.

ചൊവ്വാഴ്ച പുലർച്ച ഗൊട്ടിയാർകണ്ടിയില്‍നിന്നുമാണ് 15 അംഗ പോലീസ് സംഘം കാട്ടിലേക്ക് പോയത്. ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരൻമുടിയോടനുബന്ധിച്ച്‌ കിടക്കുന്ന വിദൂര ഊരായ മുരുഗളയ്ക്കും ഗൊട്ടിയാർകണ്ടിക്കുമിടയിലുള്ള നിബിഡ വനത്തിലാണ് സംഘം കുടുങ്ങിയത്. 

ഡിവൈഎസ്പി എസ്. ജയകൃഷ്ണനുപുറമേ, ഏഴ് പോലീസുദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181050/police)