---
title: "മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു വെറ്റിനറി സർവകലാശാലാ ഹോസ്റ്റൽ സമയത്തിൽ മാറ്റം: റിപ്പോർട്ട് ലഭിച്ചാൽ നടപടിയെന്ന് സർവകലാശാല "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181324/kalpetta"
published_at: "2024-02-01T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb8f891fcd0_download_(2)_(16).jpeg"
keywords: []
---

# മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു വെറ്റിനറി സർവകലാശാലാ ഹോസ്റ്റൽ സമയത്തിൽ മാറ്റം: റിപ്പോർട്ട് ലഭിച്ചാൽ നടപടിയെന്ന് സർവകലാശാല 

> **Lead Summary:** **കൽപ്പറ്റ**: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലിൽ തിരികെ പ്രവേശിക്കാനുള്ള സമയക്രമം രാത്രി 9.30 എന്നത് ഒഴിവാക്കണമെന്ന ആവശ്യത്തിൽ കേരള വെറ്റിനറി സർവകലാശാല രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സർവകലാശാലാ രജിസ്ട്രാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

## Article Content

**കൽപ്പറ്റ**: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലിൽ തിരികെ പ്രവേശിക്കാനുള്ള സമയക്രമം രാത്രി 9.30 എന്നത് ഒഴിവാക്കണമെന്ന ആവശ്യത്തിൽ കേരള വെറ്റിനറി സർവകലാശാല രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സർവകലാശാലാ രജിസ്ട്രാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ആരോഗ്യ വകുപ്പ് 2022 ഡിസംബർ 6 ന് പുറത്തിറക്കിയ ഉത്തരവിൽ ആരോഗ്യ സർവകലാശാലക്ക് കീഴിലുള്ള ഹോസ്റ്റലുകളിൽ തിരികെ പ്രവേശിക്കുന്നതിനുള്ള സമയക്രമം വെറ്റിനറി സർവകലാശാലക്ക് കീഴിലുള്ള ഹോസ്റ്റലുകളിലും നടപ്പിലാക്കാൻ മൃഗസംരക്ഷണ വകുപ്പിൽ നിന്നും ഉത്തരവായിട്ടുണ്ട്.

വെറ്റിനറി സർവകലാശാലയിൽ പ്രായോഗികമായി ഉത്തരവ് നടപ്പിലാക്കാൻ സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിലെ  അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ, പി ടി എ അംഗങ്ങൾ എന്നിവരുടെ യോഗം വിളിച്ച് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ഒരു റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ നടപടികൾ സ്വീകരിക്കും.റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. വിദ്യാർത്ഥി നേതാവ് വൈശാഖ് എസ് കുമാർ നൽകിയ പരാതിയിലാണ് നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181324/kalpetta)