---
title: "കണ്ണൂരില്‍ ബാങ്ക് ജീവനക്കാരിയുടെ ദുരൂഹ മരണം: പരാതിയുമായി പിതാവ്"
english_title: "Complaint "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181334/complaint"
published_at: "2024-02-01T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bba2b774d37_n57945764617067955974636605bb5eb01228766b177735aa07898252a60df4946a9e9f969fa2bb2cf6b3e1.jpg"
keywords: []
---

# കണ്ണൂരില്‍ ബാങ്ക് ജീവനക്കാരിയുടെ ദുരൂഹ മരണം: പരാതിയുമായി പിതാവ്

> **Lead Summary:** **കണ്ണൂർ:** അടുത്തില സ്വദേശിനിയും എസ്ബിഐ മാടായി കോഴിബസാർ ശാഖ ജീവനക്കാരിയുമായ ടി.കെ. ദിവ്യയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് എം. ശങ്കരൻ കണ്ണൂർ റൂറല്‍ എസ്പി എം. ഹേമലതയ്ക്ക് പരാതി നല്‍കി.

## Article Content

**കണ്ണൂർ:** അടുത്തില സ്വദേശിനിയും എസ്ബിഐ മാടായി കോഴിബസാർ ശാഖ ജീവനക്കാരിയുമായ ടി.കെ. ദിവ്യയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് എം. ശങ്കരൻ കണ്ണൂർ റൂറല്‍ എസ്പി എം. ഹേമലതയ്ക്ക് പരാതി നല്‍കി.

ജനുവരി 25-നാണ് ദിവ്യയെ ഭർതൃവീട്ടിലെ ജനല്‍ കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണനും ഭർതൃമാതാവും നിരന്തരം നടത്തിയ ക്രൂരപീഡനത്തിലും ജാതി അധിക്ഷേപത്തിലും മനംനൊന്താണ് മകള്‍ മരിച്ചതെന്നാണ് പിതാവിന്‍റെ പരാതി.

ഒൻപത് മാസം മുൻപായിരുന്നു ഉണ്ണികൃഷ്ണന്‍റെയും ദിവ്യയുടെയും വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തില്‍ ദിവ്യയ്ക്ക് 10 വയസുകാരനായ കുട്ടിയുണ്ട്. അമ്മയെ രണ്ടാം ഭർത്താവും ഭർതൃമാതാവും ചേർന്ന് നിർബന്ധിച്ച്‌ മരുന്നു കഴിപ്പിച്ചിരുന്നുവെന്ന് ഉള്‍പ്പടെ കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിശു, എഐസിസി വക്താവ് ഷമാ മുഹമ്മദ്‌ എന്നിവർ ദിവ്യയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. സമഗ്രമായ അന്വേഷണം നടത്തി ദുരൂഹത നീക്കാനാവശ്യമായ നടപടി പോലീസ് സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ മാടായി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181334/complaint)