---
title: "#Valapattanam | പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെ കല്യാണം; ഒപ്പനപ്പാട്ടുമായി പ്രസിഡന്റും മെമ്പർമാരും"
english_title: "Valapatnam Panchayat President and members "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181508/valapatnam-panchayat-president-and-members"
published_at: "2024-02-02T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc91fdbe41e_Screenshot_2024-02-02-12-25-08-35_ea26012d9a5b81ef1ae4314c8ea86412.jpg"
keywords: []
---

# #Valapattanam | പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെ കല്യാണം; ഒപ്പനപ്പാട്ടുമായി പ്രസിഡന്റും മെമ്പർമാരും

> **Lead Summary:** **കണ്ണൂർ: **ഒപ്പനത്താളത്തിൽ മുറുകിയ മാപ്പിളപ്പാട്ടിന് നടുവിൽ ലങ്കി മറിഞ്ഞ് കല്യാണപ്പെണ്ണും ചെക്കനും. കണ്ണൂരിൽ നിന്നാണ് ഈ വൈറൽ കല്യാണ ദൃശ്യം. വളപട്ടണം ഗ്രാമപഞ്ചായത്ത് അംഗം വി.കെ. ലളിത ദേവിയുടെ വീട്ടിൽ നിന്നുള്ള ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷമീമയും വാർഡ് അംഗങ്ങളുമാണ് വരനെയും വധുവിനെയുമിരുത്തി കൈകൊട്ടി ഒപ്പനപ്പാട്ട് പാടിയത്. ലളിത ദേവിയുടെ കളരിവാതുക്കലിലെ വീട്ടിൽ ജനുവരി 31ന് നടന്ന ചെറുമകളുടെ കല്യാണവേദിയിലാണ് ആഹ്ലാദമുയർത്തുന്ന ദൃശ്യങ്ങൾ പിറന്നത്. പൊതുപ്രവർത്തകനായ അദീബ് റഹ്മാൻ പകർത്തിയ ദൃശ്യം ആയിരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ കണ്ടതും പങ്കുവെച്ചതും.

## Article Content

**കണ്ണൂർ: **ഒപ്പനത്താളത്തിൽ മുറുകിയ മാപ്പിളപ്പാട്ടിന് നടുവിൽ ലങ്കി മറിഞ്ഞ് കല്യാണപ്പെണ്ണും ചെക്കനും. കണ്ണൂരിൽ നിന്നാണ് ഈ വൈറൽ കല്യാണ ദൃശ്യം. വളപട്ടണം ഗ്രാമപഞ്ചായത്ത് അംഗം വി.കെ. ലളിത ദേവിയുടെ വീട്ടിൽ നിന്നുള്ള ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷമീമയും വാർഡ് അംഗങ്ങളുമാണ് വരനെയും വധുവിനെയുമിരുത്തി കൈകൊട്ടി ഒപ്പനപ്പാട്ട് പാടിയത്. ലളിത ദേവിയുടെ കളരിവാതുക്കലിലെ വീട്ടിൽ ജനുവരി 31ന് നടന്ന ചെറുമകളുടെ കല്യാണവേദിയിലാണ് ആഹ്ലാദമുയർത്തുന്ന ദൃശ്യങ്ങൾ പിറന്നത്. പൊതുപ്രവർത്തകനായ അദീബ് റഹ്മാൻ പകർത്തിയ ദൃശ്യം ആയിരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ കണ്ടതും പങ്കുവെച്ചതും.

വൈസ് പ്രസിഡൻ്റ് വി.കെ.സി. ജംഷീറയും വാർഡ് അംഗങ്ങളായ ഖദീജയും മൈമുനത്തും മാപ്പിളപ്പാട്ട് പാടി കല്യാണവേദി കൈയിലെടുത്തപ്പോൾ പ്രസിഡൻ്റ് ഷമീമയും ലളിത ദേവിയും കൈകൊട്ടി രംഗം കൊഴുപ്പിച്ചു. അതിഥികളിൽ ചിലർ നൃത്തം ചെയ്തു. കല്യാണസദ്യയുണ്ട് ഫോട്ടോയെടുക്കാൻ നേരത്ത് യാദൃച്ഛികമായി സംഭവിച്ചതാണിത്. പാടിത്തുടങ്ങിയപ്പോൾ നിർത്തരുതെന്നായി കല്യാണ ചെക്കനും കാഴ്ചക്കാരും. അങ്ങനെ പാട്ടും നൃത്തവും മണിക്കൂറോളം നീണ്ടു.

> മതസൗഹാർദത്തിന് മാതൃക എന്ന കുറിപ്പോടെയാണ് ദൃശ്യം പ്രചരിച്ചത്. ഇൻഫോസിസിൽ ജോലിചെയ്യുന്ന ചെറുമകൾ അഞ്ജനയും ബാങ്ക് ഉദ്യോഗസ്ഥനായ കോഴിക്കോട് സ്വദേശി ഹരിനാഥുമായുള്ള കല്യാണമായിരുന്നു വേദി. ബ്രാഹ്മണ വിവാഹമായതിനാൽ ചടങ്ങുകൾക്ക് വ്യത്യസ്തതയുണ്ട്. രണ്ടുദിവസം കഴിഞ്ഞ് വിരുന്ന് നിശ്ചയിച്ചിരുന്നെങ്കിലും, ചടങ്ങിന് സാക്ഷിയാവാൻ വിവാഹ ദിവസംതന്നെ നിർബന്ധമായി എത്തണമെന്ന് ക്ഷണിച്ചവരോടെല്ലാം പറഞ്ഞിരുന്നു. "അവരെല്ലാം വന്നു. നന്നായി പാടി. മനസ്സു നിറഞ്ഞു'' - ലളിത ദേവി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181508/valapatnam-panchayat-president-and-members)