---
title: "സഹകരണ മേഖലയിലും സർക്കാർ സർവീസിലും പ്രവർത്തിക്കുന്നവർ  ആഴ്ച്ചയിലൊരിക്കൽ ഖാദി ധരിക്കണമെന്നാവശ്യപ്പെട്ട് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ"
english_title: "Those working in the co-operative sector and government service should wear khadi once a week"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18152/Those-working-in-the-co-operative-sector-and-government-service-should-wear-khadi-once-a-week"
published_at: "2021-12-28T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb0159c219e_Screenshot_20211228_175107.jpg"
keywords: []
---

# സഹകരണ മേഖലയിലും സർക്കാർ സർവീസിലും പ്രവർത്തിക്കുന്നവർ  ആഴ്ച്ചയിലൊരിക്കൽ ഖാദി ധരിക്കണമെന്നാവശ്യപ്പെട്ട് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ

> **Lead Summary:** സഹകരണ മേഖലയിലും സർക്കാർ സർവീസിലും പ്രവർത്തിക്കുന്ന ജീവനക്കാർ ആഴ്ച്ചയിലൊരിക്കൽ ഖാദി ധരിക്കുന്നതിന് നടപടികൾ ഉണ്ടാവണമെന്ന് ജില്ലാ കലക്ടറോടും സഹകരണ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ഈ ആവശ്യം ഏറ്റെടുത്ത് ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ ഖാദി ധരിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.

## Article Content

സഹകരണ മേഖലയിലും സർക്കാർ സർവീസിലും പ്രവർത്തിക്കുന്ന ജീവനക്കാർ ആഴ്ച്ചയിലൊരിക്കൽ ഖാദി ധരിക്കുന്നതിന് നടപടികൾ ഉണ്ടാവണമെന്ന് ജില്ലാ കലക്ടറോടും സഹകരണ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ഈ ആവശ്യം ഏറ്റെടുത്ത് ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ ഖാദി ധരിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.

ഖാദി ബോർഡിൻ്റെ പ്രധാന കേന്ദ്രമായ പയ്യന്നൂർ ഖാദി കേന്ദ്രത്തിൻ്റെ കീഴിൽ കണ്ണൂർ, കാസർകോഡ് ജില്ലകളിലായി 70 നൂൽപ്പ കേന്ദ്രങ്ങളും 61 നെയ്ത്ത് കേന്ദ്രങ്ങളും 29 ഖാദി വിൽപ്പനശാലകളും പ്രവർത്തിക്കുന്നുണ്ട്. ക്രിസ്തുമസ് പുതുവൽസര സ്പെഷ്യൽ റിബേറ്റ് ഡിസംബർ 31 വരെ ലഭിക്കും. കൂടാതെ ഫെബ്രുവരി 9 മുതൽ 14 വരെയും റിബേറ്റുണ്ടാവുമെന്നും പി ജയരാജൻ അറിയിച്ചു. കതിരൂർ സർവീസ് സഹകരണ ബാങ്കിലെ നൂറുകണക്കിന് ജീവനക്കാർ ഖാദി വസ്ത്രം ധരിക്കാൻ തീരുമാനിച്ചതായി പി ജയരാജൻ അറിയിച്ചു.

കണ്ണൂർ പ്രസ് ക്ലബ് ഹാളിൽ ചൊവ്വാഴ്ച്ച നടന്ന ചടങ്ങിൽ ഖാദി തുണിത്തരങ്ങൾ പി ജയരാജനിൽ നിന്ന് കതിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീജിത്ത് ചോയൻ, സെക്രട്ടറി കെ അശോകൻ എന്നിവർ ഏറ്റുവാങ്ങി. ചടങ്ങിൽ പയ്യന്നൂർ ഖാദി കേന്ദ്രം ഡയരക്ടർ ടി സി മാധവൻ നമ്പുതിരി, കണ്ണൂർ പ്രൊജക്ട് ഓഫീസർ ഐ.കെ അജിത് കുമാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18152/Those-working-in-the-co-operative-sector-and-government-service-should-wear-khadi-once-a-week)