---
title: "#muslimleague | മുസ്ലിം ലീഗ് ദേശരക്ഷാ യാത്ര തിങ്കളാഴ്ച കണ്ണൂരിൽ സമാപിക്കും"
english_title: "Muslim League Desaraksha Yatra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181894/muslim-league-desaraksha-yatra"
published_at: "2024-02-03T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be1265e9dea_Screenshot_2024-02-03-15-31-35-25_ea26012d9a5b81ef1ae4314c8ea86412.jpg"
keywords: []
---

# #muslimleague | മുസ്ലിം ലീഗ് ദേശരക്ഷാ യാത്ര തിങ്കളാഴ്ച കണ്ണൂരിൽ സമാപിക്കും

> **Lead Summary:** **കണ്ണൂർ:** 'ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം' എന്ന മുദ്രാവാക്യവുമായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്ര തിങ്കളാഴ്ച കണ്ണൂരിൽ റാലിയോടെ സമാപിക്കും. ജനുവരി 25ന് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസിക ചരിത്രമുറങ്ങുന്ന പയ്യന്നൂരിലെ ഗാന്ധി പാർക്കിൽ നിന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത യാത്ര ജില്ലയിലെ 82 മുനിസിപ്പൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പര്യടനം നടത്തി.

## Article Content

**കണ്ണൂർ:** 'ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം' എന്ന മുദ്രാവാക്യവുമായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്ര തിങ്കളാഴ്ച കണ്ണൂരിൽ റാലിയോടെ സമാപിക്കും. ജനുവരി 25ന് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസിക ചരിത്രമുറങ്ങുന്ന പയ്യന്നൂരിലെ ഗാന്ധി പാർക്കിൽ നിന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത യാത്ര ജില്ലയിലെ 82 മുനിസിപ്പൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പര്യടനം നടത്തി.

ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള ഉപനായകനും ട്രഷറർ മഹ്മൂദ് കടവത്തൂർ ഡയറക്ടറും മറ്റു ഭാരവാഹികൾ അംഗങ്ങളുമായ യാത്രയ്ക്ക് ജില്ലയിലുടനീളം ആവേശ്വോജ്ജലമായ വരവേൽപ്പാണ് ലഭിച്ചത്. ഫാസിസത്തിനെതിരെയും വർഗ്ഗീയ വിഭജനത്തിനെതിരെയും ജനാധിപത്യ മതേതര മൂല്യങ്ങളുടെ നിരാസത്തിനെതിരെയും യാത്ര ശക്തമായ സന്ദേശമാണ് നൽകുന്നത്. കേവലം ആൾക്കൂട്ടങ്ങൾക്കപ്പുറം സംഘ്പരിവാർ ഭരണകൂടം വീണ്ടും അധികാരത്തിൽ എത്താതിരിക്കാൻ കരുതിയിരിക്കേണ്ട ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദേശരക്ഷാ യാത്ര.

തിങ്കളാഴ്ച കണ്ണൂർ മണ്ഡലത്തിലെ കുടുക്കി മൊട്ടയിൽ നിന്നും ആരംഭിക്കുന്ന യാത്ര വാരം ടൗൺ, താഴെ ചൊവ്വ, എടക്കാട് മുനമ്പ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മൂന്ന് മണിയോടുകൂടി കണ്ണൂർ പ്രഭാത് തീയേറ്റർ ജംഗ്ഷനിൽ വെച്ച് ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായി ഫോർട്ട് റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, അണ്ടർ ബ്രിഡ്ജ്, പഴയ ബസ് സ്റ്റാൻഡ് റോഡ്, കോർപ്പറേഷൻ ഓഫീസിന് മുന്നിലൂടെ സമാപനവേദിയായ കണ്ണൂർ സ്റ്റേഡിയം കോർണറിൽ എത്തിച്ചേരും. തുടർന്ന് സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ എം.പി, തമിഴ്നാട് സംസ്ഥാന മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.എം.എ അബൂബക്കർ, കെ.എം ഷാജി തുടങ്ങിയ നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.

യാത്ര കടന്നുപോയ വഴികളിൽ അംഗങ്ങൾ ജനുവരി 26ന് പയ്യന്നൂർ ഉളിയത്ത് കടവിൽ വെച്ച് ഭരണഘടനാ പ്രതിജ്ഞയും 30ന് പേരാവൂർ മണ്ഡലത്തിലെ അടക്കാത്തോട് വെച്ച് രക്തസാക്ഷിത്വ ദിന പ്രതിജ്ഞയുമെടുത്തു. അഡ്വ.അബ്ദുൽ കരീം ചേലേരി, കെ.ടി. സഹദുള്ള, മഹമൂദ് കടവത്തൂർ, കെ.പി.താഹിർ, എം.പി. മുഹമ്മദലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181894/muslim-league-desaraksha-yatra)